നെടുംകുന്നം: കറുകച്ചാൽ-മണിമല റോഡിൽ മാണികുളത്തിന് സമീപത്തെ പെരുന്തേനീച്ചക്കൂട് നാട്ടുകാർക്കു ഭീഷണിയാകുന്നു. ഒരാഴ്ചകൊണ്ട് നിരവധി പേർക്ക് കുത്തേറ്റു.
റോഡരികിലെ അന്‍പതടിയോളം ഉയരമുള്ള ആഞ്ഞിലിയിലാണ് ഒരുമാസം മുന്‍പു പെരുന്തേനീച്ച കൂട് കൂട്ടിയത്. ഇന്നലെ രാവിലെ കാക്ക കൊത്തിയതിനെ തുടർന്ന് തേനീച്ച ഇളകിയിരുന്നു. സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്ന മൂന്നു പേർക്ക് കുത്തേറ്റു.
സാരമായി പരിക്കേറ്റ നെരിയാനിപൊയ്ക തൊട്ടിക്കൽ രാജേന്ദ്രൻ (45) പാന്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച രാവിലെയും തേനീച്ചക്കൂട്ടം ഇളകിയിരുന്നു. സമീപത്തെ വീട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്ന അഞ്ചുപേർക്കാണ് കുത്തേറ്റത്. ഇവർ ചികിത്സയിലാണ്.
കഴിഞ്ഞ ആഴ്ച നാലുപേർക്ക് കുത്തേറ്റിരുന്നു. ഈച്ചക്കൂട്ടം ഇളകുന്നത് പതിവായതോടെ വഴിയാത്രക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയുന്നില്ല.
പ്രദേശത്തെ വീടുകളുടെ ജനാലകളും വാതിലും അടച്ചിട്ടിരിക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പാന്പാടിയിൽനിന്നു അഗ്നിരക്ഷാസേന എത്തിയെങ്കിലും തേനീച്ചക്കൂട് നീക്കം ചെയ്തില്ല. കൂട് നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.