കുറുപ്പന്തറ: പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള ചാല് നിർമാണം തടസപ്പെടുത്തിയതോടെ നാലര ഏക്കർ സ്ഥലത്തെ നെൽകൃഷി ഉണങ്ങി നശിക്കുന്നു. ഉദ്യോഗസ്ഥർ കൈയൊഴിഞ്ഞതോടെ ചാല് നിർമാണം നടത്തി കൃഷി സംരക്ഷിക്കുന്നതിന് കോടതിയിൽനിന്നു ഉത്തരവ് വാങ്ങി കൃഷിക്കാരൻ. നിലവിലുണ്ടായിരുന്ന ചാലിലെ ചെളിയും പായലും നീക്കി കൃഷിയിടത്തിലേക്ക് വെള്ളം തിരിച്ചുവിടുന്നതിനുള്ള പണികൾ വ്യാജപരാതി നൽകിയാണ് അയൽവാസി തടസപ്പെടുത്തിയതെന്ന് കർഷകൻ ആരോപിക്കുന്നു.
ഇതുമൂലം കതിരിട്ട നാലര ഏക്കറിലെ നെൽ ചെടികൾ ഉണങ്ങി തുടങ്ങിയെന്നാണ് കർഷകനായ ബെന്നിയുടെ പരാതി. മള്ളിയൂർ ക്ഷേത്രത്തിന് സമീപം വാക്കാറ മുപ്പിരി മണപ്പാൻ പാടശേഖരത്തിലെ കാരുവേലിൽ ബെന്നി മാത്യുവിന്റെ കൃഷിയാണ് വെള്ളമില്ലാതായതോടെ നാശഭീഷിണി നേരിടുന്നത്. പാടശേഖരത്തിലേക്ക് വെള്ളം കൊണ്ടുപോകുന്നതിന് ചാല് വൃത്തിയാക്കുന്ന പണികൾ നടത്തിയപ്പോളാണ് അയൽവാസിയും കൂട്ടാളികളും ചേർന്ന് പണികൾ തടസപ്പെടുത്തിയിരുന്നു. പിന്നീട് ബെന്നി കോടതി ഉത്തരവ് വാങ്ങി നിർമാണ പ്രവർത്തികൾ നടത്താനെത്തിയപ്പോൾ ബെന്നിയേയും പണിക്ക് വന്നവരെയും ഇവർ മാരകായുധങ്ങളുമായി ആക്രമിക്കാൻ വരികയും നിർമാണ ജോലികൾ തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബെന്നി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.