കാഞ്ഞിരപ്പള്ളി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് മുൻകരുതൽ സ്വീകരിക്കണമെന്ന നിർദേശം വന്നതോടെ സാന്പത്തിക, വ്യാപാര മേഖലകൾ പ്രതിസന്ധിയിൽ. സ്കൂളുകൾക്കും മറ്റും അവധി പ്രഖ്യാപിച്ചതോടെ നിരത്തുകൾ നിശബ്ദദമായി. ഹോട്ടലുകൾ, വസ്ത്രവ്യാപാര ശാലകൾ, സ്വർണാഭരണശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ കച്ചവടം കുറഞ്ഞ സ്ഥിതിയാണ്. ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾ മിച്ചം വരുന്നതോടെ കടയുടമകളുടെ നഷ്ടം വർധിച്ചു. പതിവായി എത്തുന്നവർ പോലും വരാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
വസ്ത്രശാലകളിൽ കച്ചവടമില്ലാതായതോടു കൂടി തൊഴിലാളികളോട് ഇനി പറഞ്ഞിട്ട് വന്നാൽ മതിയെന്നാണ് പറഞ്ഞിരിക്കുന്നത്. ജോലി താത്ക്കാലികമായി ഇല്ലാതായതോടെ പലരുടെയും ജീവിതം വഴിമുട്ടി. സർക്കാർ നിർദേശപ്രകാരം തീയറ്ററുകളും അടച്ചു. അത്യാവശ്യക്കാരല്ലതെ ആരും യാത്ര ചെയ്യുന്നില്ല. ഇക്കാരണത്താൽ ബസുകളിലും യാത്രക്കാർ കുറവാണ്. ബസ് സ്റ്റാൻഡുകളിലെത്തിയാൽ ഹർത്താൽ പ്രതീതിയാണ് അനുഭവപ്പെടുന്നത്.
ലോകത്തെ വിറപ്പിച്ചിരിക്കുന്ന കോവിഡ് - 19 രോഗം കേരളത്തിലും എത്തിയതോടെ പലരും ആശങ്കയിലാണ്. രോഗപ്രതിരോധത്തിന്റെ ഭാഗമായി വാർഡുകളിൽ പഞ്ചായത്ത് മെംബർമാർ, അങ്കണവാടി വർക്കേഴ്സ്, ആശ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുകയാണ്. കോവിഡ് 19 രോഗത്തക്കുറിച്ചും വീടും പരിസരവും വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയും ഇവർ നടത്തുന്നുണ്ട്. ഇവരുടെ പ്രവർത്തനം പ്രയോജനകരമാണെന്നാണ് പലരുടെയും പ്രതികരണം.
സർക്കാരിന്റെ പ്രതികരണത്തോട് ജനങ്ങൾ പൂർണ സഹകരണമാണ് നൽകുന്നതെന്ന് ആരോഗ്യ വകുപ്പും റവന്യൂ വകുപ്പ് അധികൃതരും പറയുന്നു.
ആഘോഷമില്ലാതെ
ഉത്സവം കൊടിയിറങ്ങി
എരുമേലി: കൊറോണ ജാഗ്രതയിൽ ഉത്സവത്തിന് സമാപനം. എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലാണ് പത്ത് ദിവസങ്ങൾ നീണ്ട പ്രശസ്തമായ ഉത്സവത്തിന് ആഘോഷങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപനമായത്. റോഡ് നിറഞ്ഞ പുരുഷാരവും താലപ്പൊലി ഘോഷയാത്രയും പുരാണ വേഷങ്ങളിൽ ആകർഷക ദൃശ്യങ്ങളും ഇല്ലാതെ ഇതാദ്യമായാണ് ഉത്സവം കൊടിയിറങ്ങുന്നത്. ചൊവ്വാഴ്ച്ച കൊരട്ടി ആറാട്ടുകടവില്‍ മേല്‍ശാന്തി ജയകൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ആറാട്ട് ചടങ്ങുകൾ. തുടര്‍ന്ന് ദീപാരാധനയ്ക്ക് ശേഷം മൂന്നു ഗജവീരന്മാരുടെ അകമ്പടിയോടെ ആറാട്ട് ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിപ്പ് നടത്തി. കോവിഡ് -19 വൈറസ് ഭീതിയില്‍ വിപുലമായി നടത്തേണ്ട താലപ്പൊലി ഘോഷയാത്ര ഒഴിവാക്കിയിരുന്നു. ഗാനമേളയും ഒഴിവാക്കി. പിന്നീട് ക്ഷേത്ര ചടങ്ങുകള്‍ക്കൊടുവില്‍ തിരുവുത്സവത്തിന് കൊടിയിറങ്ങി. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഒ. ജി. ബിജു ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.