ചങ്ങനാശേരി: ഭിന്നശേഷിയിൽ തളരാതെ ജീവിത വിജയംനേടാൻ അഖിലയും ജീനാമോളും പരീക്ഷക്കെത്തി. ചെത്തിപ്പുഴ മേഴ്സി ഹോമിലെ അന്തേവാസികളായ അഖില എസ്എസ്എൽസി പരീക്ഷയും ജീനാമോൾ പന്ത്രണ്ടാംക്ലാസിലെ പരീക്ഷയുമാണ് എഴുതുന്നത്. അഖില വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിലും ജീനാമോൾ വടക്കേക്കര ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലുമാണ് പരീക്ഷ എഴുതുന്നത്.
സെറിബ്രൽ പാൾസി രോഗം ബാധിച്ച് ശരീരം തളർന്ന അഖിലക്ക് കാൽമുട്ടുകളിൽ നീന്തി മാത്രമേ സഞ്ചരിക്കാനാകൂ. ദിനംപ്രതി സ്കൂളിൽ പോകുന്നത് ബുദ്ധിമുട്ടായതിനാൽ മേഴ്സി ഹോമിലിരുന്നാണ് അഖില പത്താം ക്ലാസിലെ വിവിധ വിഷയങ്ങൾ പഠിച്ച് പക്ഷീക്ഷക്കുള്ള ഒരുക്കങ്ങൾ നടത്തിയത്. പരസഹായമില്ലാതെ സഞ്ചരിക്കാനാവാത്ത അഖിലയെ മേഴ്സി ഹോമിലെ സിസ്റ്റർമാർ മേഴ്സി ഹോമിലെ വാഹനത്തിൽ കയറ്റി വാഴപ്പള്ളി സ്കൂളിലെത്തിച്ചാണ് പരീക്ഷ എഴുതിക്കുന്നത്. കഴിഞ്ഞ രണ്ടു പരീക്ഷകളും എളുപ്പമായിരുന്നുവെന്ന് അഖില പറഞ്ഞു.
പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന ജീനാമോൾ സിസ്റ്റർമാരുടെ സഹായത്തോടെ ദിവസവും വടക്കേക്കര സ്കൂളിലെത്തിയാണ് പഠനം നടത്തിയത്.
മേഴ്സി ഹോമിലെ മദർ സിസ്റ്റർ സെലിൻ ജോസ്, സിസ്റ്റർ മെറി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരുടെ പഠനത്തിനുള്ള എല്ലാ സഹായങ്ങളും നൽകുന്നത്.