കുന്നുംഭാഗം: കുന്നുംഭാഗം, ചിറക്കടവ് ഭാഗത്തെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന കുന്നുംഭാഗം - മറ്റത്തിൽ പടി റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. രണ്ടു കിലോമീറ്റർ മാത്രം നീളമുള്ള റോഡിൽ കുഴിയില്ലാത്ത ഒരു ഭാഗം പോലുമില്ല. ചിറക്കടവ് പഞ്ചായത്തിലെ കുന്നുംഭാഗം, ചിറക്കടവ്, ചിത്രാഞ്ജലി, പുന്നയ്ക്കക്കുന്ന് ഭാഗത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ആശ്രയമാണ് പഞ്ചായത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഈ റോഡ്.
പുന്നയ്ക്കക്കുന്ന് ഭാഗത്ത് നിന്നു തിരിഞ്ഞ് എരുമേലി, മണിമല, പൊൻകുന്നം തുടങ്ങിയ പ്രദേശങ്ങളിലേക്കും ചിറക്കടവ്, പൊൻകുന്നം ഭാഗത്തുള്ള ആളുകൾക്ക് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്കും കാഞ്ഞിരപ്പള്ളിക്കും പോകാനുള്ള എളുപ്പമാർഗവുംകൂടിയാണ് ഈ റോഡ്.
റോഡിലെ കുഴിയിലും ഇളകിക്കിടക്കുന്ന മെറ്റലിലും പെട്ട് ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. സ്കൂൾ ബസുകളടക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്നതാണ് ഈ റോഡിലൂടെ. എന്നാൽ, റോഡിന്റെ ദുരവസ്ഥ മൂലം വാഹന യാത്രികർ സഞ്ചാരത്തിനായി മറ്റ് റോഡുകളെ ആശ്രയിക്കുകയാണ്. കാഞ്ഞിരപ്പള്ളിക്കും മറ്റും പോകേണ്ടവർ ഇപ്പോൾ കിലോമീറ്ററുകളോളം ചുറ്റിയാണ് യാത്ര ചെയ്യുന്നത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാൽ, ടെൻഡർ നടപടികൾ പൂർത്തിയായതായും ഉടൻതന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.