കൂത്താട്ടുകുളം: കുടുംബശ്രീവഴി വിശപ്പുരഹിത കേരളം പദ്ധതി ഏപ്രിൽ മുതൽ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി തിരുമാറാടി പഞ്ചായത്തിന്റെ ബജറ്റ്. 25 രൂപ നിരക്കിൽ ഊണ് നൽകുന്ന കുടുംബശ്രീ ഭക്ഷണശാല പഞ്ചായത്തിൽ ആരംഭിക്കുവാൻ തെരഞ്ഞെടുത്ത കുടുംബശ്രീ പ്രവർത്തകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ബജറ്റ് വാഗ്ദാനം ചെയ്തു.
ലൈബ്രറികളുടെയും സാംസ്കാരിക നിലയങ്ങളുടെയും സഹകരണത്തോടെ പഞ്ചയത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ വയോജന ക്ലബുകൾ ആരംഭിക്കുവാനും ഹരിതകേരളം മിഷന്റെ സഹകരണത്തോടെ മണ്ണത്തൂർ ദുർഗാക്ഷേത്ര പരിസരത്ത് പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുവാനും പഞ്ചായത്ത് ഭരണ സമിതി ലക്ഷ്യമിടുന്നു.
13.45 കോടി വരവും 13.24 കോടി ചെലവും 20 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് പുഷ്പലത രാജു അവതരിപ്പിച്ചത്. പ്രസിഡന്റ് ഒ.എൻ. വിജയൻ അധ്യക്ഷത വഹിച്ചു.
രണ്ട് ഘട്ടങ്ങളിലായി 46 വീടുകൾ ലൈഫ് ഭവന പദ്ധതിയിലൂടെ നിർമിച്ച പഞ്ചായത്തിൽ ഈ വർഷം 2.06 കോടി ചെലവിൽ 37 പേർക്കാണ് വീട് നൽകുക. ഇതിൽ ഭൂരഹിതരായ ആളുകൾക്ക് ഭൂമി വാങ്ങി വീട് പണിയുവാനുള്ള പദ്ധതിയും ഉൾപ്പെടുന്നതാണ്.
ഏപ്രിൽ ഒന്ന് മുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് എംആർഎഫ് സെന്ററിൽ സംസ്കരിക്കുവാൻ സർക്കാർ കന്പിനിയായ ക്ലീൻ കേരളയുമായി കരാർ ഉണ്ടാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് കഴിഞ്ഞ വർഷങ്ങളിൽ പണം വിനിയോഗിച്ച് നിർമാണം പൂർത്തിയാക്കിയ നാവോളിമറ്റം ഗ്രാമീണ കളിക്കളം ഉടൻ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.