കൊച്ചി: കോവിഡ്-19 ആശങ്ക പടര്‍ത്തുമ്പോള്‍ പ്രതിരോധ, മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയുമായി എറണാകുളം പൊറ്റക്കുഴി ലിറ്റില്‍ ഫ്ളവര്‍ പള്ളിയിലെ കെഎല്‍സിഎ യൂണിറ്റ്. 20,000 മാസ്ക്കുകള്‍ തയാറാക്കി സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങുകയാണു സംഘടനാ പ്രവര്‍ത്തകര്‍.
തയ്യല്‍ ജോലി ചെയ്യുന്ന കെഎല്‍സിഎ അംഗങ്ങള്‍ തങ്ങളുടെ തയ്യല്‍ മെഷീനുകള്‍ പള്ളിയിലെത്തിച്ചാണു മാസ്കുകള്‍ തയാറാക്കുന്നത്. മാസ്കുകള്‍ക്ക് ആവശ്യമായ വസ്തുക്കൾ ഒരുമിച്ചു വാങ്ങി പള്ളിയിലെത്തിച്ചിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കിയ മുറിക്കുള്ളില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണു മാസ്കുകള്‍ ഒരുക്കുന്നത്. വിന്‍സന്റ് ഡിപോള്‍ സംഘടനാംഗങ്ങളും പദ്ധതിയോടു സഹകരിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ തയാറാക്കിയ മാസ്കുകള്‍ ഇന്നു പ്രാഥമികാരോഗ്യ കേന്ദ്രം വഴി പൊതുജനങ്ങള്‍ക്കു വിതരണം ചെയ്യുമെന്നു കെഎല്‍സിഎ യൂണിറ്റ് പ്രസിഡന്റ് സെറീന ജോര്‍ജ് അറിയിച്ചു.