കളമശേരി: കഴിഞ്ഞ എഴുപതു വര്‍ഷമായി ഇന്ത്യന്‍ ജുഡീഷ്യറി ഭരണഘടനയെ വ്യാഖ്യാനിക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തെ നോക്കിയാണെന്നും മറ്റു രാജ്യങ്ങള്‍ ഇക്കാര്യം മാതൃകയാക്കേണ്ടതുമാണെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് സുപ്രീം കോടതി ജസ്റ്റിസ് മാത്യു എഫ്. കൂപ്പര്‍. ഇന്ത്യന്‍ ഭരണഘടനാ പരിവര്‍ത്തനം ഏഴ് ദശാബ്ദങ്ങളിലൂടെ എന്ന വിഷയത്തില്‍ കൊച്ചി സര്‍വകലാശാല സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് സംഘടിപ്പിച്ച അന്താരാഷ്ട്ട്ര സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ കോടതികള്‍ മൗലിക അവകാശങ്ങളെ സംബന്ധിക്കുന്ന കേസുകള്‍ വ്യാഖ്യാനിക്കുന്നതും അതുവഴി നീതിന്യായത്തിന് പുതിയ മുഖങ്ങള്‍ ഉണ്ടാക്കുന്നതും എങ്ങിനെയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന് ഉത്ഘാടനം ചെയ്തു. ഒ.പി. ജിൻഡാല്‍ ഗ്ലോബല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. രാജ്കുമാര് അധ്യക്ഷത വഹിച്ചു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രഫ. സ്റ്റീഫന്‍ മാര്‍ക്സ്, ഒ.പി. ജിൻഡാല്‍ ഗ്ലോബല്‍ സര്‍വകലാശാലയിലെ പ്രഫ. മൈക്കിള്‍ സി. ഡേവിസ്, ഡോ. ശ്രീജിത്ത് എസ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.