മലയാറ്റൂർ: കോവിഡ് 19 പകർച്ച വ്യാധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെയും എറണാകുളം-അങ്കമാലി അതിരൂപത മേലധികാരികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ പാലിച്ച് മലയാറ്റൂർ കുരിശുമുടി തീർഥാടനം നടത്തുന്നതായിരിക്കുമെന്ന് മലയാറ്റൂർ പള്ളി വികാരി ഫാ. വർഗീസ് മണവാളൻ അറിയിച്ചു. നിർദേശങ്ങൾക്കനുസരിച്ച് ഈ മാസം 31 വരെ വിവിധ ഫൊറോന തലത്തിൽ നടത്താൻ നിർദേശിച്ചിരിക്കുന്ന തീർഥാടനം മറ്റൊരവസരത്തിലേക്കു മാറ്റും. വലിയ ഗ്രൂപ്പുകൾ തീർഥാടനം നടത്തുന്നത് 31 വരെ നിരുൽസാഹപ്പെടുത്തുന്നതായി വികാരി അറിയിച്ചു. മലയാറ്റൂർ സെന്റ് തോമസ് ദേവലായത്തിലും കുരിശുമുടിയിലും വിശ്വാസികളുടെ കരങ്ങളിൽ വിശുദ്ധ കുർബാന നൽകുന്ന സന്പ്രദായം ആരംഭിച്ചു. ഇടവക തലത്തിൽ കുടുംബയോഗങ്ങൾ, ഭക്ഷണ വിരുന്നോടുകൂടിയുള്ള ശ്രാദ്ധങ്ങൾ, വിരുന്നുകൾ മുതലായവ ഉപേക്ഷിഖഅഖആൻ ബന്ധപ്പെട്ടവർക്ക് വികാരി നിർദേശം നൽകി. വനിതാ ദിനാചരണത്തോടനുബന്ധിച്ച് 15ന് നടത്താനിരുന്ന മഹാ വനിതാസംഗമം മാറ്റി വച്ചു. കേരള സർക്കാരും ആരോഗ്യ വകുപ്പും ജില്ലാ ഭരണ കൂടവും തുടർന്നു നൽകുന്ന എല്ലാ നിർദേശങ്ങളും പാലിച്ചു കൊണ്ടുള്ള നടപടികൾ ഈ തീർഥാടന കാലഘട്ടത്തിൽ ഉണ്ടാകുമെന്ന് വികാരി അറിയിച്ചു. നിർദേശങ്ങൾ പാലിക്കുന്നതോടൊപ്പം ഭീതിജനകമായ യാതൊരു അന്തരീക്ഷവും തീർഥാടനവുമായി ബന്ധപ്പെട്ട് ഇപ്പോൾ നിലവിലില്ലെന്നും വികാരി അറിയിച്ചു.