മുവാറ്റുപുഴ: കോവിഡ്-19 വൈറസ് ഭീതിയിൽ മൂവാറ്റുപുഴ നഗരത്തിലെ ബസ് സ്റ്റോപ്പുകളും ഷോപ്പിംഗ് മാളുകളും മറ്റ് പൊതുസ്ഥലങ്ങളിലുമെല്ലാം തിരക്കൊഴിഞ്ഞ ദിവസമായിരുന്നു ഇന്നലെ. വൈറസ് ഭീതിയെത്തുടർന്ന് ആളുകൾ യാത്ര ഒഴിവാക്കുന്നതും സ്കൂളുകൾക്ക് അവധി നൽകിയത് നഗരത്തിലും ബസ് യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടാക്കി.
പ്രാദേശിക യാത്രക്കാരേക്കാൾ ദീർഘദൂര ബസ് യാത്രക്കാരാണ് കുറഞ്ഞത്ത്. സുരക്ഷയുടെ ഭാഗമായി ബസിലും സൂപ്പർ മാർക്കറ്റിലും ഉൾപ്പെടെയുള്ള പൊതുയിടങ്ങളിൽ മറ്റും മാസ്ക് ധരിച്ച എത്തുന്ന കാഴ്ചയും വിരളമല്ല. എന്നാൽ തിരക്കനുഭവപ്പെടുന്നത് നഗരത്തിലെ ഏതാനും ചില സൂപ്പർ മാർക്കറ്റുകളിലും നിത്യോപയോഗ സാധനകളുടെ വിപണ കേന്ദ്രങ്ങളിലുമാണ്. ജനത്തിരക്ക് കുറഞ്ഞതോടെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലെ വിൽപ്പനയും ഗണ്യമായി കുറഞ്ഞു.
പല വ്യാപാര സ്ഥാപനങ്ങളും കച്ചവടങ്ങൾ പൂർണമായും നിലച്ച രീതിയായിരുന്നു. സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ ആഘോഷങ്ങൾ ഉപേക്ഷിച്ച് ചടങ്ങുകൾ മാത്രമായിമാറി.
വിവിധ രാഷ്ട്രീയ, മത, സംഘടനകൾ തീരുമാനിച്ചിരുന്ന യോഗങ്ങളും മറ്റു പരിപാടികളുമെല്ലാം മാറ്റിവച്ചതും ആളുകൾ യാത്രകൾ ഒഴിവാക്കിയതും നഗരത്തെ നിശ്ചലമാക്കി. കോവിഡ് 19 ബാധയെ നിയന്ത്രിക്കാൻ മൂവാറ്റുപുഴ നഗരസഭയും ആരോഗ്യവകുപ്പ് അധികൃതരും കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.