കൊച്ചി: കൊറോണ (കോവിഡ് 19) പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ 56 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 417 ആയി. നിരീക്ഷണ പട്ടികയില്‍നിന്ന് ഇന്നലെ ആരെയും ഒഴിവാക്കിയിട്ടില്ല. പുതിയതായി എട്ട് പേരെക്കൂടി കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് ആറു പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ 24 പേര് ഇവിടെ നിരീക്ഷണത്തിലുണ്ട്. ആലപ്പുഴ എന്‍ഐവിയിലേക്ക് ഇന്നലെ 84 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
രോഗ ബാധിത പ്രദേശങ്ങളില്‍നിന്നു കൂടുതല്‍ പേര് എത്തിച്ചേര്‍ന്നാല്‍ അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. കളമശേരി മെഡിക്കല്‍ കോളജ് കൂടാതെ ആലുവ, മൂവാറ്റുപുഴ, കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രികള്‍, തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജ്, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ആലുവ ജില്ലാ ആശുപത്രി താല്കാലിക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. വയോമിത്രം പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 14 ഡോക്ടര്‍മാരുടെയും 14 ജെപിഎച്ചുമാരുടെയും സേവനം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.
ഇന്നലെ 138 കോളുകളാണു കൊറോണ കണ്ട്രോള് റൂമിലെത്തിയത്. ഇതില്‍ 63 പേര്‍ക്ക് കൗണ്‍സിലിംഗ് നല്കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ പാലിക്കേണ്ട രീതികളെ പ്പറ്റി അറിയാനായിരുന്നു ഭൂരിഭാഗം വിളികളും. രോഗപ്രതിരോധത്തിന്റെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസുകളും ജില്ലയില്‍ നടന്നുവരികയാണ്. ചെങ്ങമനാട്, എടത്തല, കീഴ്മാട് എന്നിവിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചെങ്ങമനാട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ചേരാനല്ലൂരും കളമശേരിയിലും ആശ വർക്കർമാര്‍ക്കും വാരപ്പെട്ടി, കളമശേരി, ചേരാനല്ലൂര്‍ എന്നിവിടങ്ങളില്‍ തദ്ദേശസ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ക്കും കളമശേരി, ചേരാനലൂര്‍, കീഴ്മാട്, എടത്തല എന്നിവിടങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും കളമശേരി, ചേരാനല്ലൂര്‍, ചെങ്ങമനാട്, മുളന്തുരുത്തി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പൊതുജങ്ങള്‍ക്കും പ്രത്യേകം ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.