പറവൂർ: താലൂക്ക് ഗവ. ആശുപത്രിയിലെ സൂപ്രണ്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നതിൽ പ്രതിഷേധിച്ച് ആശുപത്രിയിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും സമരം നടത്തി. ഡോ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. സജിത് ജോൺ, ഡോ. കാർത്തിക് ബാലചന്ദ്രൻ, ഡോ.കെ.ജി. ജയൻ, ഡോ. വിനീത, വർഗീസ് കുര്യൻ, എൽസി, ലിറ്റി എന്നിവർ പ്രസംഗിച്ചു.
കെഎംകെ കവലയിലുള്ള സ്വകാര്യ കണ്ണാശുപത്രിയിലെ രണ്ട് വനിത ജീവനക്കാർ പനിബാധിച്ചിരിക്കേ ആറ്റുകാൽ പൊങ്കാലക്ക് പോയ ശേഷം തിരിച്ചെത്തിയപ്പോൾ കോവിഡ് രോഗം ബാധിച്ചിട്ടില്ലെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ജോലിയിൽ പ്രവേശിക്കാനാകൂ എന്നറിയിച്ചു.
ഇതിനാൽ കൊറോണയില്ലെന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെത്തിയ അവരോട് ഇവിടെ നിന്ന് സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് ഡോക്ടർമാർ ബോധ്യപ്പെടുത്തി തിരിച്ചയച്ചു.
പിന്നീട് ഇവർ തിരിച്ചുവന്ന് സുപ്രണ്ടിനോട് പ്രകോപനപരമായി തട്ടിക്കയറിയ ശേഷം മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. തന്റെ അനുവാദമില്ലാതെ മൊബൈലിൽ ചിത്രീകരിച്ചത് തടസപ്പെടുത്തുക മാത്രമേ സൂപ്രണ്ട് ചെയ്തുള്ളൂവെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കോവിഡ് ബാധയ്ക്കെതിരേ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ മാനസികമായി തളർത്തുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എച്ച്ഫോർഎച്ച് ചെയർമാൻ ഡോ. മനു പി. വിശ്വം ആവശ്യപ്പെട്ടു.