അയ്യന്പുഴ: അയ്യന്പുഴ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന സമുച്ചയത്തിനും കമ്യൂണിറ്റി ഹാളിനും തൊഴിലുറപ്പ് പദ്ധതിക്കും വനിതാ ക്ഷേമത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള 18 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് പി.യു. ജോമോനാണ് ബജറ്റവതരണം നടത്തിയത്.
18,21,42,530 രൂപ വരവും 18,10,42,706 രൂപ ചെലവും 10,99,824 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ്. ബജറ്റിൽ ഉത്പാദന മേഖലയ്ക്കായി 36,38,500 രൂപയും റോഡ് ആസ്തി വികസനത്തിനു വേണ്ടി 3,03,87,000 രൂപയും തൊഴിലുറപ്പ് പദ്ധതിക്കായി അഞ്ച് കോടിയും വിവിധ ക്ഷേമ പെൻഷനുകൾക്കായി അഞ്ച് കോടി പതിനായിരം രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.
കമ്യൂണിറ്റി ഹാൾ നിർമാണത്തിനായി 25 ലക്ഷം രൂപയും തെരുവ് വിളക്കുകൾക്കും സ്ട്രീറ്റ് മെയിൻ വലിക്കുന്നതിനുമായി 40 ലക്ഷം രൂപയും മാറ്റി വച്ചു. പഞ്ചായത്തിലെ 1,000 കുടുംബശ്രീ വനിതകൾക്ക് മുട്ടകോഴിവിതരണം ചെയ്യുന്നതിന് 7,29,350 രൂപ മാറ്റിവച്ചിട്ടുണ്ട്.
ലൈഫ് മിഷന്റെ ഭാഗമായി ഭൂരഹിത ഭവനരഹിതരായ പഞ്ചായത്തിലെ ആളുകൾക്കായി ഭവനസമുച്ചയം പണിയുന്നതിനു വേണ്ടി അഞ്ചു കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചുള്ളി ഗവണ്മെന്റ് എൽപി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും 2.5 ലക്ഷം രൂപ ബഡ്ജറ്റിൽ നീക്കി വച്ചിട്ടുണ്ട്.
പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനു വേണ്ടി സ്കോളർഷിപ്പ്, ലാപ്ടോപ്പ്, പഠനോപകരണങ്ങൾ എന്നിവ വാങ്ങുന്നതിനും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന എസ്സി വിഭാഗത്തിൽപ്പെട്ടവരുടെ വീട് വാസയോഗ്യമാക്കുന്നതിനും 41 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യ മേഖലയിലേക്ക് 22 ലക്ഷം രൂപയും ഹരിതകേരള പ്രവർത്തനങ്ങൾക്ക് മൂന്നു ലക്ഷം രൂപയും അങ്കണവാടികളുടെ പ്രവർത്തനങ്ങൾക്കായി 38 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് നീതു അനു അധ്യക്ഷത വഹിച്ചു.