തൃപ്പൂണിത്തുറ: ഇരുമ്പനം ബിപിസിഎലില്‍ തീപിടിത്തം; ഫയര്‍ഫോഴ്സിന്റെയും ജീവനക്കാരുടെയും സമയോചിത ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.10 നാണ് തീപിടിത്തമുണ്ടായത്. വാഗണുകളെ ബന്ധിപ്പിക്കുന്ന പ്രധാന പൈപ്പ്ലൈനും ഏവിയേഷന്‍ ഓയിലിന്റെ പ്രധാന സംഭരണ ടാങ്കിനുമാണു തീപിടിച്ചത്. അഗ്നി പടര്ന്നപ്പോള്തന്നെ പൈപ്പ്ലൈനും പ്രധാന സംഭരണ ടാങ്കും ബന്ധിപ്പിക്കുന്ന പ്രധാന വാല്‍വുകള്‍ അടച്ചു.
മുപ്പതോളം അഗ്നിശമന സേനാസംഘം എത്തിയാണ് തീയണയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ബിപിസിഎല്‍, ഐഒസി, എച്ച്പിസിഎല്‍ എന്നിവടങ്ങിൽനിന്നുള്ള ഫയര്‍ യൂണിറ്റുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. വൈകുന്നേരം 5.45 ഓടെയാണു തീ പൂര്‍ണമായും അണച്ചത്. ഇതിനിടയില്‍ അടുത്തുള്ള പ്രദേശത്തേക്ക് തീപടര്‍ന്നതും പരിഭ്രാന്തി പരത്തി.