നെടുമ്പാശേരി: ജോസ്പുരം വാപ്പാലശേരി ഭാഗത്ത് കനാലിൽ വിള്ളലുണ്ടായതിനെത്തുടർന്ന് ഇടമലയാർ ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാൽ അറ്റകുറ്റപ്പണിക്ക് ജലസേചന വകുപ്പ് തുക അനുവദിച്ചു. അടുത്തുള്ള വീടുകൾക്ക് വിള്ളൽ ഭീഷണിയാവുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതേത്തുടർന്ന് നെടുമ്പാശേരി പഞ്ചായത്തിലേക്കുള്ള ജലവിതരണവും തടസപ്പെട്ടിരിക്കുകയായിരുന്നു.
അറ്റകുറ്റപ്പണിക്കായി ഇടമലയാർ പദ്ധതി എക്സിക്യൂട്ടീവ് എൻജിനീർ തയാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റ് അംഗീകരിച്ച് നെടുമ്പാശേരി പഞ്ചായത്തിലേക്ക് അടിയന്തിരമായി വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ ജലസേചന മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും വകുപ്പ് ചീഫ് എൻജിനീയർക്കും നിവേദനം നൽകിയിരുന്നു.
ഇതേത്തുടർന്ന് കടുത്ത വേനൽ കണക്കിലെടുത്ത് മന്ത്രിയുടെ നിർദേശപ്രകാരമാണ് അടിയന്തിര അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിച്ചത്.
ഇടമലയാർ പദ്ധതിയിൽ നിന്നുള്ള ജലം നെടുമ്പാശേരി പഞ്ചായത്തിന് ലഭിച്ചു തുടങ്ങിയത് ജനുവരി മുതലാണ്.
ജലസേചന പദ്ധതികൾക്കെല്ലാം ഏറെ പ്രയോജനകരമായി മാറിയ ഇടമലയാർ ജലം ലഭിക്കാൻ തുടങ്ങി രണ്ടാഴ്ചയ്ക്കുശേഷം നിലച്ചതോടെ പഞ്ചായത്തിലെ പകുതിയിലധികം പ്രദേശങ്ങളും കടുത്ത ജലക്ഷാമത്തിലാണ്.