ആലപ്പുഴ: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾക്കനുസരിച്ചു തിരുക്കർമങ്ങൾ ക്രമീകരിക്കാൻ ആലപ്പുഴ ബിഷപ്സ് ഹൗസിൽ ചേർന്ന വൈദിക സമിതി തീരുമാനിച്ചു.
നിലവിലെ സാഹചര്യത്തെ ആത്മീയ പക്വതയോടെ സമീപിക്കാൻ ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറന്പിൽ വൈദികരെ ഉദ്ബോധിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ തിരുവോസ്തി കൈയിൽ നൽകാനും പെസഹാക്കാലം മുഴുവൻ കഴിയുന്നത്ര ആൾക്കൂട്ടത്തെ ഒഴിവാക്കിയും അധികം ജനസന്പർക്കം ഉണ്ടാകാത്ത രീതിയിലും കർമങ്ങളെ ക്രമീകരിക്കാനും ധാരണയായി.
19ലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷവും നേർച്ചഭക്ഷണ വിതരണവും മാറ്റിവയ്ക്കും. പെസഹാ വ്യാഴം, ദുഃഖവെള്ളി, വലിയ ശനി, ഈസ്റ്റർ ദിനങ്ങൾ എന്നിവ അങ്ങേയറ്റം മിതമായ രീതിയിലും ആൾക്കൂട്ടത്തിന്റെ കൂടിവരവ് ഒഴിവാക്കിയും നടത്തും.
ദുഃഖ വെള്ളിയാഴ്ചത്തെ കുരിശിന്റെ വഴി ആൾക്കൂട്ടമില്ലാതെ വ്യക്തിപരമായി നടത്താനാണ് തീരുമാനം. പ്രദക്ഷിണങ്ങൾ പൂർണമായും ഒഴിവാക്കാനും തീരുമാനമായി.
സി.ആർ സെഡ് നിയന്ത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ചു തുടർനടപടിയെടുക്കാൻ മോണ്‍. പയസ് ആറാട്ടുകുളം, ഫാ. സേവ്യർ കുടിയാംശേരി, ഫാ. ജോണ്സണ് പുത്തൻവീട്ടിൽ, കുഞ്ഞച്ചൻ, ഹാരിസ് പനക്കൽ എന്നിവരടങ്ങുന്ന സമിതി പ്രവർത്തനം തുടങ്ങി.
ഇടവകകളിൽനിന്നുള്ള പ്രതിനിധികൾക്ക് ഇക്കാര്യങ്ങളിൽ പരിശീലനം നൽകും.