കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിനു പിന്നാലെ ദുരിതാശ്വാസ ക്യാന്പിന്റെ മറവില്‍ പണപ്പിരിവ് നടത്തിയ സിപിഎം കൗണ്‍സിലര്‍ കുടുങ്ങി. സിപിഎം തൃക്കാക്കര നഗരസഭാ കൗണ്‍സിലറും ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവുമായ സി.എ. നിഷാദാണ് ദുരിതാശ്വാസ ക്യാന്പിന്റെ മറവില്‍ വിദേശത്ത് നിന്ന് ഉള്‍പ്പെടെ പണപ്പിരിവ് നടത്തിയത്. കോടതി നിർദേശപ്രകാരം തൃക്കാക്കര പോലീസ് ഇയാൾക്കെതിരേ കേസെടുത്തു.
ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ രണ്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗങ്ങളും പാര്‍ട്ടി ഭരിക്കുന്ന അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് വനിതാ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഉള്‍പ്പെടെ കുടുങ്ങിയതിനു പിന്നാലെയാണ് സിപിഎം അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ കൂടി പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
2018 ഓഗസ്റ്റിലെ ദുരിതാശ്വാസ ക്യാന്പിന്റെ മറവില്‍ സ്വന്തം അക്കൗണ്ടില്‍ വിദേശത്തെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് പണം സ്വീകരിച്ച നിഷാദിനെതിരേ അന്ന് പരാതി ഉയര്‍ന്നെങ്കിലും രാഷ്ട്രീയ സ്വാധീനത്തില്‍ കേസൊതുക്കി. എന്നാല്‍ പാരാതിക്കാരന് പി.എം. മാഹിന്‍കുട്ടി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍ക്കെതിരേ ദുരിതാശ്വാസ ഫണ്ടിലേക്കാണെന്ന വ്യാജേന പണപ്പിരിവ് നടത്തിയതിന് 406, 417, 420 വകുപ്പ് പ്രകാരം കേസെടുത്തത്.
വൃദ്ധ അന്തേവാസികള്‍ താമസിക്കുന്ന കരുണാലയത്തില്‍ റിലീഫ് ക്യാന്പ് എന്ന പേരില്‍ വാട്ട്സാപ് ഗ്രൂപ്പ് തുടങ്ങിയായിരുന്നു പണപ്പിരിവ്. ദുരിതാശ്വാസ നിധിയിലേക്കാണെന്ന വ്യജേന സ്വീകരിച്ച പണം പ്രളയ നിധിയിലേക്ക് കൈമാറുകയോ ദുരിതം അനുഭവിച്ചവര്‍ക്ക് വേണ്ടി ചെലവഴിക്കുകയോ ചെയ്യാതെ സ്വന്തമാക്കി.
വിദേശത്തെ രണ്ട് സുഹൃത്തുക്കള്‍ നല്കിയ പണം അന്ന് തന്നെ കരുണായത്തിലെ ക്യാമ്പിലെ 140 അന്തേവാസികള്‍ക്ക് ബൂട്ടുകള്‍ വാങ്ങാന്‍ ചെലവിട്ടെന്നാണ് കൗണ്‍സിലറുടെ വിശദീകരണം.
സ്വകാര്യ ബാങ്കുകളില്‍ ഉള്‍പ്പെടെ നിരവധി അക്കൗണ്ടുകളുള്ള കൗണ്‍സിലര്‍ ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടിലാണ് വിദേശത്തെ സുഹൃത്തുക്കളില്‍ നിന്ന് പണം സ്വീകരിച്ചത്.