കോതമംഗലം: കൊറോണ വൈറസ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കോതമംഗലം രൂപതയിലെ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സർക്കുലറിലൂടെ അറിയിച്ചു. ഈ മാസം 31 വരെ ഇടവകകളിലെ വിശ്വാസ പരിശീലന ക്ലാസുകൾ, ധ്യാനങ്ങൾ, കുടുംബ യൂണിറ്റ് മീറ്റിംഗുകൾ, കണ്വൻഷനുകൾ, തീർഥാടനങ്ങൾ, ഊട്ടുനേർച്ച എന്നിവ ഒഴിവാക്കണം.
ദൈവാലയത്തിൽ കുർബാനയർപ്പണം മാത്രം മതി. കുർബാന കൈകളിൽ മാത്രം സ്വീകരിക്കണം. വിശുദ്ധ കുർബാന നൽകുന്നവർ അതിന് തൊട്ടുമുന്പായി സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. സമാധാന ആശംസ കൂപ്പുകൈകളോടെ പരസ്പരം ആശംസിക്കുക, കൈകളിൽ സ്പർശിക്കേണ്ടതില്ല.
ദൈവാലയ കവാടത്തോടു ചേർന്ന് ഹന്നാൻ വെള്ളം സൂക്ഷിക്കേണ്ടതില്ല, ഹന്നാൻ വെള്ളത്തിൽ വിരൽ തൊട്ട് കുരിശുവരയ്ക്കുന്നത് ഒഴിവാക്കാനാണിത്. ദൈവാലയത്തിലെ തിരുസ്വരൂപങ്ങൾ, വിശുദ്ധ വസ്തുക്കൾ എന്നിവ തൊട്ടുമുത്തുകയോ ചുംബിക്കുകയോ ചെയ്യുന്നതിനു പകരം കൈകൂപ്പി വണങ്ങിയാൽ മതിയാകും. മൃത സംസ്കാര ശുശ്രൂഷയ്ക്ക് ജനപങ്കാളിത്തം പരമാവധി കുറയ്ക്കുകയും മൃതദേഹം ചുംബിക്കുന്നത് ഒഴിവാക്കുകയും വേണം. വ്യക്തിപരമായ പ്രാർഥനകളിലും കുടുംബ പ്രാർഥനയിലും ഇടവകകളിലെ ആരാധന ശുശ്രൂഷകളിലും പകർച്ചവ്യാധികളിൽ നിന്നുള്ള വിടുതലിനും പ്രത്യേക സംരക്ഷണത്തിനുമായി പ്രാർഥിക്കുകയും പരിശുദ്ധ അമ്മയുടെയും മറ്റു വിശുദ്ധരുടെയും സംരക്ഷണം അപേക്ഷിക്കുകയും വേണം.
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടുകയും മറ്റുള്ളവരുമായുള്ള സന്പർക്കം ഒഴിവാക്കാൻ പൊതുപരിപാടികളിൽ പങ്കെടുക്കാതിരിക്കുകയും വേണം. ഇക്കാര്യങ്ങളിൽ കേരള സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബിഷപ് ആഭ്യർഥിച്ചു.രൂപതയിലെ മുഴുവൻ ഇടവക വികാരിമാർക്കും ഇതു സംബന്ധിച്ചുള്ള അറിയിപ്പ് സർക്കുലർ മുഖാന്തിരം നൽകിയിട്ടുണ്ട്.