കോതംമംഗലം: നെല്ലിക്കുഴിയിൽ ഫർണീച്ചർ വ്യാപാരിയുടെ വീട്ടിൽ ജനൽ കന്പി അറുത്തുമാറ്റി മോഷണം. ഉറക്കത്തിലായിരുന്ന വീട്ടുകാർ ഉണർന്നപ്പോഴേക്കും അരലക്ഷത്തോളം രൂപയുമായി മോഷ്ടാവ് കടന്നുകളഞ്ഞു. നെല്ലിക്കുഴി കനാൽപ്പാലം താഴത്തേടത്ത് വീട്ടിൽ ഡിക്സന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇന്നലെ പുലർച്ചെ 2.30 ഓടെയായിരുന്നു കവർച്ച. വീടിന്റെ മുൻഭാഗത്തെ ജനൽ കന്പി മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. സ്വീകരണ മുറിയിലെ അലമാരയാണ് ആദ്യം പൊളിച്ചത്. ഇതിൽ സൂക്ഷിച്ചിരുന്ന 40,000 രൂപ അപഹരിച്ചു. പിന്നീട് കിടപ്പുമുറിയിൽ എത്തിയ മോഷ്ടാവ് രണ്ടാമത്തെ അലമാര കുത്തിത്തുറക്കാൻ ശ്രമിച്ചപ്പോഴാണ് വീട്ടുകാർ ഉണർന്ന് ശബ്ദമുണ്ടാക്കിയത്. മോഷ്ടാവ് മുറിച്ച് നീക്കിയ ജനലിന് ഇടയിലൂടെ രക്ഷപ്പെട്ടു.
കോതമംഗലം എസ്ഐ ടി.ദിലീഷിന്റെ നേതൃത്വത്തിൽ പോലീസ് രാവിലെ തന്നെ സ്ഥലത്തെ അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവ് ശേഖരിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. സമീപകാലത്ത് അങ്കമാലിയിലും സമാനരീതിയിൽ കവർച്ച നടന്നിട്ടുള്ളതായി പോലീസ് പറഞ്ഞു. കോതമംഗലത്തും നിരവധി സ്ഥലങ്ങളിൽ മോഷണം നടന്നെങ്കിലും പോലീസ് ഇപ്പോഴും ഇട്ടിൽ തപ്പുകയാണ്.