ആലുവ: മൃതദേഹത്തോട് അനാദരവ് കാട്ടിയ ആലുവ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കാൻസർ രോഗിയായ ഭാര്യ 19 മണിക്കൂർ മൃതദേഹവുമായി കാത്തു നിൽക്കേണ്ട ഗതികേട് വരുത്തിയ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.
മാർച്ച് ആലുവ പോലീസ് സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം യുഡിഎഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. കെ.എസ്. മുഹമ്മദ്ഷെഫീക്ക് അധ്യക്ഷത വഹിച്ചു. പി.ബി. സുനീർ, യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.