മൂവാറ്റുപുഴ: കോവിഡ്-19 വൈറസിനെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി നഗരസഭ രംഗത്ത്. നഗരസഭ അതിർത്തിയിൽ പൊതുജനങ്ങൾ കൂട്ടംകൂടിയുള്ള പരിപാടികൾ ഒഴിവാക്കണം. മലിന വസ്തുക്കളും മലിന ജലവും റോഡിലൊ മറ്റുതെരുവിലൊ നിക്ഷേപിക്കരുത്. പൊതു ഇടങ്ങളിലൊ, റോഡരികിലൊ തുപ്പാതിരിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, കൈകാലുകൾ ഇടയ്ക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, വിദേശത്തുനിന്നു വന്ന വ്യക്തികളും പനി, ചുമ മുതലായ ലക്ഷണങ്ങളുള്ളവരും ജനറൽ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം.
മൂവാറ്റുപുഴ ആറിലേക്ക് മാലിന്യം നിക്ഷേപിക്കരുത്. ഹോട്ടലുകൾ, തട്ടുകടകൾ, മറ്റ് ഭക്ഷണ ശാലകൾ നടത്തുന്നവർ സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഇടയ്ക്കിടെ തിളപ്പിച്ചാറിയ വെള്ളം കുടിയ്ക്കുക. നഗരസഭ അതിർത്തിയിൽ ആരോഗ്യ വിഭാഗം എല്ലാ വാർഡിലും ഫോഗിംഗ് നടത്താനും കൊതുകിനെതിരേ മരുന്ന് തളിക്കാനും തീരുമാനിച്ചു.