ശ്രീമൂലനഗരം: വെള്ളാരപ്പിള്ളി സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നേർച്ചസദ്യയ്ക്ക് ആയിരങ്ങൾ പങ്കെടുത്തു. മൂന്നു ദിവസം നീണ്ടുനിന്ന തിരുനാളിന്റെ പ്രധാന ദിവസം നടത്തിയ നേർച്ചസദ്യയിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽനിന്നും ആയിരക്കണക്കിന് തീർഥാടകരാണെത്തിയത്. രാവിലെ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ. ക്രിസ്റ്റി മടത്തോട്ട കാർമികത്വം വഹിച്ചു.
ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി വൈസ് റെക്ടർ ഡോ. വിൻസന്റ് കുണ്ടുകുളം തിരുനാൾ സന്ദേശം നൽകി. തുടർന്ന് തീർഥാടകർക്കായി ഒരുക്കിയ നേർച്ചസദ്യയുടെ വെഞ്ചരിപ്പ് കർമം കാഞ്ഞൂർ ഫൊറോന പള്ളി
വികാരി റവ. ഡോ. ജോസഫ് കണിയാംപറന്പിൽ നിർവഹിച്ചു. തിരുക്കുടുംബ പ്രതീകമായി ഫാമിലി യൂണിറ്റ് പതിനാറിൽനിന്നു തെരഞ്ഞെടുത്ത കൂട്ടുങ്ങൽ ആന്റു, ഭാര്യ ജിസ്സി, മകൻ ആബേൽ കുടുംബത്തിന് ആദ്യം നേർച്ച ഭക്ഷണം വിളന്പി പുതുവസ്ത്രങ്ങൾ സമ്മാനിച്ചു. കുഞ്ഞുങ്ങൾക്കുള്ള ആദ്യ ചോറൂട്ട് കർമം ഫാ. അഗസ്റ്റിൻ തേനായൻ നിർവഹിച്ചു.
നേർച്ച പായസ വിതരണത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇടവകയിലെ ഫാമിലി യൂണിറ്റുകൾ പ്രത്യേക പരിശീലനത്തോടെ നിർമിച്ച പേപ്പർ ബാഗുകളിലാണ് നൽകിയത്.