മൂവാറ്റുപുഴ: കോവിഡ്-19 വൈറസിന്റെ പശ്ചാത്തലത്തിൽ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ വിദേശത്തുനിന്ന് മടങ്ങിയെത്തിയവരടക്കം നിരവധി പേർ ആരോഗ്യ വകുപ്പിന്റെ നീരീക്ഷണത്തിലുള്ളതിനാൽ ജനങ്ങളുടെ ആശങ്കയകറ്റാനും നീരീക്ഷണത്തിലുള്ളവർക്ക് സഹായമെത്തിക്കാനും സർക്കാർ ഇടപെടൽ കാര്യക്ഷമമാക്കാൻ ഉന്നതതല യോഗം വിളിക്കണമെന്ന് എൽദോ ഏബ്രഹാം എംഎൽഎ മന്ത്രി കെ.കെ. ശൈലജയോട് ആവശ്യപ്പെട്ടു.
ഇതേത്തുടർന്ന് 14ന് ജില്ലയിൽ കൊറോണ വൈറസ് ബാധ രോഗം വിലയിരുത്തുന്നതിന് ഉന്നതതല യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ പേവാർഡിൽ വിദേശത്തുനിന്ന് എത്തുന്നവരെ നിരീക്ഷിക്കാൻ ഐസിലേഷൻ വാർഡ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
പേവാർഡിലെ രോഗികളെയെല്ലാം ഒഴിപ്പിച്ചശേഷമാണ് ഐസിലേഷൻ വാർഡ് ഒരുക്കിയിരിക്കുന്നത്. 15 ആളുകളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതുവരെ ആരേയും പ്രവേശിപ്പിച്ചിട്ടില്ല.