ആലുവ: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ആലുവ മണപ്പുറത്ത് നടന്നു വരുന്ന വ്യാപാര മേളയും വിനോദപരിപാടികളും നിർത്തിവയ്ക്കാൻ നഗരസഭയുടെ ഇന്നലെ ചേർന്ന പ്രത്യേക കൗൺസിൽ യോഗം തീരുമാനിച്ചു.
ലൈബ്രറി, പാർക്ക്, ഗ്രൗണ്ടുകൾ, നഗരസഭയുടെ ടൗൺ ഹാളുകൾ എന്നിവ 31 വരെ താല്കാലികമായി അടച്ചിടാനും തീരുമാനമായി. കൊറോണ വൈറസുമായി ബന്ധപെട്ടു ഇന്നലെ രാവിലെ 10.30ന് വിളിച്ചു ചേർത്ത അടിയന്തിര കൗൺസിൽ യോഗത്തിലാണീ തീരുമാനങ്ങൾ എടുത്തത്. ആലുവ നഗരസഭാ പ്രദേശത്ത് സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചര്‍ച്ച ചെയ്തു.
മറ്റ് നിർദേശങ്ങൾ: ഹോട്ടലുകള്‍ക്കും കൈകഴുകാനുളള സംവിധാനമുളള മറ്റു വ്യാപാര സ്ഥാപനങ്ങളും ഹാൻഡ് വാഷ് സംവിധാനം ഏര്‍പ്പെടുത്തണം. ഓഡിറ്റോറിയങ്ങള്‍, ഹെല്‍ത്ത് ക്ളബ്ബുകള്‍ തുടങ്ങിയവ അടച്ചിടണം. പൊതുജനങ്ങളുടെ അറിവിലേക്ക് എല്ലാ വാര്‍ഡുകളിലെയും മുഖ്യ സ്ഥലങ്ങളില്‍ നിര്‍ദേശങ്ങളടങ്ങിയ ബാനറുകള്‍ സ്ഥാപിക്കണം. എല്ലാ വീടുകളിലേക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടീസ് കുടുംബശ്രീ, അങ്കണവാടി, ആശ പ്രവര്‍ത്തകരിലൂടെ എത്തിക്കണം.
നഗരസഭാ ഓഫീസിലെത്തുവര്ക്കും ജീവനക്കാര്‍ക്കുമായി മാസ്ക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ടൗണ്‍ഹാളുകള്‍ ബുക്ക് ചെയ്തവര്‍ പരിപാടി മറെറാരു ദിവസത്തേക്ക് മാറ്റി വയ്ക്കുന്നതിന് നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ വളരെ കുറച്ച് ആളുകളെ മാത്രം ക്ഷണിച്ച് പരിപാടി നടത്തുന്നതിന് നടപടിയെടുക്കണമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.