വൈപ്പിൻ: കഴിഞ്ഞ അഞ്ചു ദിവസം മട്ടാഞ്ചേരി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു തമിഴ് ക്വട്ടേഷൻ സംഘത്തെ മുനന്പം പോലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങി. ഏഴു തമിഴ്നാട്ടുകാരും ഒരു മലയാളിയും ഉൾപ്പെടുന്നതാണ് സംഘം. വൻ പോലീസ് സന്നാഹത്തോടെയാണ് സംഘത്തെ മട്ടാഞ്ചേരിയിൽ നിന്നു മുനന്പം സ്റ്റേഷനിൽ എത്തിച്ചത്. സ്റ്റേഷനിൽ ഇവർക്ക് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പ്രതികളെ ചോദ്യം ചെയ്തു തുടങ്ങി. സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചെന്നൈയിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പെരുന്പാവൂരിലെ ഒരു ഗുണ്ടാ നേതാവും രാഷ്ട്രീയ പാർട്ടിയുടെ യുവജന നേതാവുമായ യുവാവിനെ വധിക്കാനായി ക്വട്ടേഷൻ നൽകിയെന്ന് പറയുന്ന ആലുവ സ്വദേശിയെ പോലീസിനു ഇതുവരെ കണ്ടെത്താനായിട്ടില്ല.