പെരിന്തൽമണ്ണ: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ ചൊവ്വാണ ജിഎൽപി സ്കൂളിലെയും പലകപ്പറന്പ് ജിഎൽപി സ്കൂളിലെയും വെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുഴൽക്കിണർ നിർമിച്ചാണ് പ്രശ്നത്തിന് പരിഹാരം കാണുന്നത്.
ഉയർന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകളായതിനാൽ വേനലാകുന്നതോടെ എല്ലാ വർഷവും കുടിവെള്ളത്തിനും മറ്റു ആവശ്യങ്ങൾക്കും വെള്ളം ലഭിക്കാത്ത സാഹചര്യമാണുണ്ടായിരുന്നത്.
പ്രൈമറി, പ്രീപ്രൈമറി വിഭാഗങ്ങളിലായി 155 കുട്ടികളും പഞ്ചായത്ത് നടത്തുന്ന ബഡ്സ് സ്കൂളിലെ 16 കുട്ടികളും അടങ്ങുന്നതാണ് ചൊവ്വാണ ജിഎൽപി സ്കൂൾ. പലകപ്പറന്പ് ജിഎൽപി സ്കൂളിൽ 112 കുട്ടികളാണുള്ളത്.
പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് കുഴൽക്കിണർ നിർമാണം ആരംഭിച്ചത്. 1,23,000 രൂപ ചെലവഴിച്ചാണ് പലകപ്പറന്പ് ജിഎൽപി സ്കൂളിൽ കുഴൽ കിണർ നിർമിക്കുന്നത്.
ഒരുലക്ഷത്തി അറുപതിനായിരം രൂപ ചെലവിൽ ചൊവാണ ജിഎൽപി സ്കൂളിൽ കുഴൽക്കിണറും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.