മലപ്പുറം: മാസ്ക്, സാനിറ്റൈസർ തുടങ്ങിയവയ്ക്ക് അധികവില ഈടാക്കുന്നതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് ജില്ലയിൽ പരിശോധന ശക്തമാക്കി. കൊളപ്പുറം, കൊണ്ടോട്ടി, ചേളാരി, പെരിന്തൽമണ്ണ, തിരുനാവായ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് കേസുകളാണ് കണ്ടെത്തിയത്.
മാസ്ക്, സാനിറ്റൈസർ എന്നിവയിൽ അധിക വില ഈടാക്കിയതിനും പാക്കറ്റുകളിൽ നിയമാനുസൃതമായ പ്രിന്റുകൾ ഇല്ലാത്തതിനാലുമാണ് കേസെടുത്തത്. വിപണിയിൽ മാസ്കിന് അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പരിശോധനയെന്ന് മലപ്പുറം ലീഗൽ മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളർ അറിയിച്ചു. ജില്ലയിൽ മൂന്ന് സ്ക്വാഡുകളാണ് പരിശോധന നടത്തിവരുന്നത്.