കരുവാരകുണ്ട്: കൽകുണ്ടിലെ ജനവാസ കേന്ദ്രങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗശല്യത്തിനു പ്രതിരോധ നടപടി വൈകുന്നതിൽ മലയോര ജനതയുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ തിങ്കളാഴ്ച കൽകുണ്ടിലെ കൃഷിയിടത്തിൽ വച്ചു മൂന്നു ആടുകളെ ചെന്നായ്ക്കൾ വകവരുത്തിയിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവല്ല. പകൽ തോട്ടം മേഖലയിൽ മേയാൻ വിടുന്ന കന്നുകാലികളെ അടക്കം പുലികൾ വകവരുത്തിയിട്ടുണ്ട്.
രണ്ടു വർഷം മുന്പ് തരിശിലെ മണ്ണാർക്കാടൻ ഹംസപ്പയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മൂന്നു പോത്തുകളെയാണ് അടുത്തടുത്ത ദിവസങ്ങളിൽ പുലികൾ ഇരയാക്കിയത്. അതിൽ രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് ഉടമയ്ക്കുണ്ടായത്. വനം വകുപ്പധികൃതർ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും ജനങ്ങൾ പരാതിപ്പെടുന്നു. കഴിഞ്ഞ വർഷം കൽകുണ്ടിലെ ആനപ്പാറ സജിയുടെ ഒന്പതു ആടുകളെയാണ് പുലി കൊന്നത്.
സംഭവസ്ഥലത്ത് പുലികളുടെ കാൽപ്പാടുകൾ വനം വകുപ്പധികൃതര് കണ്ടെത്തി. ഒന്നിലധികം പുലികൾ പ്രദേശത്ത് ഉണ്ടാകുമെന്ന സൂചനയും അവർ നൽകിയിരുന്നു.
എന്നാൽ ഇവയെ പിടികൂടാത്തതും ഉടമകൾക്ക് നഷ്ടപരിഹാരം നൽകാത്തതും പ്രദേശവാസികൾക്കിടയിൽ വനം വകുപ്പധികൃതർക്കെതിരെ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. കൽകുണ്ട്, തരിശ്, കുണ്ടോട ഭാഗങ്ങളിൽ നൂറുക്കണക്കിന് കുടുംബങ്ങളാണ് വസിക്കുന്നത്. കുട്ടികളെ പുറത്തേക്ക് തനിയെ പറഞ്ഞയയ്ക്കാനും കൃഷിയിടങ്ങളിൽ ജോലിക്കു പോകാനും ജനങ്ങൾ ഭയക്കുന്നു. പുലർച്ചെ തോട്ടം മേഖലയിൽ ടാപ്പിംഗ് തൊഴിലാളികളും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. നേരത്തേ കരുവാരകുണ്ട് പഞ്ചായത്തതിർത്തിയിൽ പെട്ട ഓലപാറയിലെ ജനവാസ കേന്ദ്രത്തിൽ അഞ്ചു ആടുകളെ പുലികൾ വകവരുത്തി. അന്ന് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി അകപ്പെട്ടു. സൈലന്റ് വാലിബഫർ സോണിൽ വന്യമൃഗങ്ങൾ അധികരിച്ചു വരുന്നതായും സൂചനയുണ്ട്. കടുവയുടെ സാന്നിധ്യവും പ്രദേശത്തുണ്ടന്നു നാട്ടുകാർ പറയുന്നു.
വന്യ ജീവികളുടെ ആക്രമത്തിൽ കർഷകർക്കുണ്ടാകുന്ന നഷ്ടങ്ങളും ആശങ്കകളും പരിഹരിക്കുന്ന കാര്യത്തിൽ വനം വകുപ്പധികൃതർ നിസംഗത പാലിക്കുന്നതായും ആക്ഷേപമുണ്ട്.