കൊണ്ടോട്ടി:കോവിഡ്-19 വ്യാപനത്തെ തുടർന്ന് ഉംറ തീർഥാടനം നിർത്തിവച്ചതോടെ ഉണ്ടായ ട്രാവൽ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഫെബ്രുവരി 27 മുതൽ ഏപ്രിൽ 15 വരെയുളള സൗദി എയർലെൻസിന്റെയും ഒമാൻ എയറിന്റെയും ഉംറ ഗ്രൂപ്പ് ടിക്കറ്റ് മുഴുവൻ റീ ഫണ്ട് ചെയ്ത് നൽകാൻ വിമാന കന്പനികൾ തയാറായി.
ഗ്രൂപ്പായോ ഒറ്റയ്ക്കോ എടുത്ത ടിക്കറ്റുകൾ യാത്ര തടസപ്പെട്ട സാഹചര്യത്തിൽ തുക തിരിച്ചു നൽകാമെന്ന് വിമാന കന്പനികൾ അറിയിച്ചു. ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ ഭാരവാഹികളും വിമാന കന്പനി ജീവനക്കാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. അസോസിയേഷൻ ഭാരവാഹികളായ എം.എ.അസീസ്, സഫിയുള്ള തങ്ങൾ,യാസർ മുണ്ടോടൻ, ഉമ്മർ കറുത്തേടത്ത്,ഹിദായത്തുള്ള വണ്ടൂർ, എ.വി അക്ബർ, കെ.വി നൗഷാദ്, സംസം ബഷീർ അലനല്ലൂർ,മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ഷബീർ, കെ.പി സ്വാലിഹ് എന്നിവർ സംബന്ധിച്ചു.