നിലന്പൂർ: കൊറോണ ഭീതിയിൽ തോട്ടവിളകളുടെ വിലയിൽ ഇടിവ്. റബറിനും കശുവണ്ടിക്കും കുരുമുളകിനും വില തകർച്ച. കൊറോണ ചൈനയിൽ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് റബറിനു നാലാം തരത്തിനു ഒരു കിലോഗ്രാമിന് 138 രൂപയായിരുന്നു. ചൈന കൊറോണ മൂലം വ്യവസായിക മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ വില താഴേക്ക് കുതിച്ചു.
നിലവിൽ 130 രൂപയാണ് വിപണി വില. കർഷകർക്ക് 128 രൂപയാണ് ലഭിക്കുന്നത്. അനുദിനം വില താഴോട്ട് പോകുന്നത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. പ്രധാന ടയർ കന്പനികൾ വിപണിയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. വരും ദിവസങ്ങളിൽ വീണ്ടും വിലയിടിയാനാണ് സാധ്യതയെന്നു വ്യാപാരികൾ പറയുന്നു.
കശുവണ്ടി സീസണ് ആരംഭിച്ചപ്പോൾ കിലോഗ്രാമിന് 115 രൂപയായിരുന്നു വില. പ്രധാന നാണ്യവിളയായ കശുവണ്ടി വ്യാപകമായി കയറ്റുമതി ചെയ്യുന്ന ഉത്പന്നമാണ്.
എന്നാൽ കൊറോണ നിയന്ത്രണത്തോടെ അന്താരാഷ്ട്ര വിപണിയിൽ കശുവണ്ടി പരിപ്പിന്റെ വിലയിടിഞ്ഞു. കശുവണ്ടിക്ക് ഏറ്റവും ഉയർന്ന വില ലഭിക്കുന്നത് സീസണായ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്. കൊറോണ ദീതിയിൽ 15 ദിവസം കൊണ്ട് ഒരു കിലോ കശുവണ്ടിക്ക് 25 രൂപയാണ് കുറഞ്ഞത്.
നിലവിൽ 90 രൂപയാണ് കർഷകനു ലഭിക്കുന്നത്. കറുത്ത പൊന്നിന്റെ തിളക്കവും കുറഞ്ഞു. കിലോഗ്രാമിന് രണ്ടു വർഷം മുന്‍പു 800 രൂപ വരെ ഉണ്ടായിരുന്ന കുരുമുളകിനു നിലവിൽ 280 രൂപയായി കൂപ്പുകുത്തി.
കേരളത്തിലെ മലയോര കർഷകരുടെ പ്രധാന വരുമാന മാർഗമായ റബർ, കശുവണ്ടി, കുരുമുളക് എന്നിവയുടെ വിലത്തകർച്ച കർഷകര്‍ക്ക് കടുത്ത വെല്ലുവിളിയാകുകയാണ്. അടക്കയ്ക്ക് മാത്രമാണ് വിപണിയിൽ നല്ല വില ലഭിക്കുന്നത്. രോഗ ബാധ മൂലം 80 ശതമാനം കമുകുകും നശിച്ചതിനാൽ ഇതിന്റെ ഗുണം കർഷകന് ലഭിക്കാതെ പോകുകയാണ്.