മലപ്പുറം: ജില്ലയിൽ പരിശോധന ഫലം ലഭിച്ച ആർക്കും കോവിഡ് 19 വൈറസ് ബാധയില്ലെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. 81 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇന്നലെ ഫലം ലഭിച്ച ഏഴു പേർക്കുല കൂടി വൈറസ്ബാധയില്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 142 പേരുടെ സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. രോഗബാധയില്ലെന്നു സ്ഥിരീകരിച്ച പത്തു പേരെ ഇന്നലെ നിരീക്ഷണത്തിൽ നിന്നൊഴിവാക്കി.
28 പേർക്കുകൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി നിരീക്ഷണം ഏർപ്പെടുത്തി. 143 പേരാണ് ജില്ലയിലിപ്പോൾ നിരീക്ഷണത്തിലുള്ളത്. 58 പേർ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലും മൂന്നു പേർ തിരൂർ ജില്ലാ ആശുപത്രിയിലും ഐസൊലേഷൻ വാർഡുകളിലാണ്. 82 പേർ വീടുകളിൽ സ്വയം നിരീക്ഷണത്തിലും കഴിയുന്നു.
കോവിഡ് 19 മുൻകരുതൽ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താൻ ജില്ലാതല മുഖ്യസമിതിയുടെ അവലോകന യോഗത്തിൽ ജില്ലാ കളക്ടർ ജാഫർ മലിക്ക് പങ്കെടുത്തു. രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ ജില്ലയിൽ സംവിധാനങ്ങൾ ഒരുക്കി.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 75 കിടക്കകളാണ് സജ്ജമാക്കിയത്. തിരൂർ ജില്ലാ ആശുപത്രിയിൽ 10, നിലന്പൂർ ജില്ലാ ആശുപത്രിയിൽ 19, പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഒന്പത്, പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഒന്പത്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എട്ട് എന്നിങ്ങനെയാണ് കിടക്കൾ ഒരുക്കിയിരിക്കുന്നത്.
കോവിഡ്- 19 ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രികളിൽ പരിശോധനക്കെത്തുന്നവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പിന് കൈമാറണമെന്ന് കളക്ടർ അറിയിച്ചു. വീഴ്ച വരുത്തുന്ന ആശുപത്രികൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കും. ഗുരുതര വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകും.
ഉത്സവങ്ങളും മതപരമായ ചടങ്ങുകളും പ്രാർഥന യോഗങ്ങളും മതപ്രഭാഷണങ്ങളും ഒഴിവാക്കണം.
തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ വാർഡുകൾ തോറും പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കും. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ, ആശ, അങ്കണവാടി പ്രവർത്തകർ ഉൾപ്പെട്ട സംഘം രോഗബാധിത പ്രദേശങ്ങളിൽനിന്നെത്തിയവരുടെയും അവരുമായി നേരിട്ടു ബന്ധം പുലർത്തിയവരുടെയും വിവരങ്ങൾ ശേഖരിച്ച് ആരോഗ്യ വകുപ്പിനു കൈമാറണം.
ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർ നിരൂക്ഷണത്തിലുള്ളവരുമായിള്ള സന്പർക്കംപൂർണമായും ഒഴിവാക്കണം. ഇത്തരക്കാർ പൊതുജന സന്പർക്കം ഒഴിവാക്കി വീടുകളിൽതന്നെ കഴിയാൻ ശ്രദ്ധിക്കണം. സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾക്കു നിയന്ത്രണം ഏർപ്പെടുത്തണം. കൂടുതൽ പേർ ഒരുമിച്ചു കൂടാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ടൂർണമെന്റ് കമ്മിറ്റികൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേർന്നു പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലെ കുട്ടികൾ വീടുകളിൽ പോകാതെ അവിടെത്തന്നെ തുടരണം. പുറത്തു നിന്നെത്തുന്ന ബന്ധുക്കളെയും സന്ദർശകലെയും ഹോസ്റ്റൽ അധികൃതർ നിയന്ത്രിക്കണം. പഠന പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കും.
ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.എൻ. പുരുഷോത്തമൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡിഎംഒ. ഡോ. കെ. ഇസ്മയിൽ, എൻഎച്ച്എം പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇ.എ. രാജൻ, ജില്ലാ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഐ.ആർ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.