കരുവാരകുണ്ട്: കച്ചവടത്തിൽ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ. കാടാന്പുഴ മരവെട്ടം പുത്തൻവീട്ടിൽ അബ്ദുൽ കരീമി(24) നെയാണ് കരുവാരകുണ്ട് എസ്ഐ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കരുവാരകുണ്ട് കിഴക്കെത്തലയിലെ ഒരു ലോഡ്ജിൽ ആറു മാസമായി താമസിച്ചു വരികയായിരുന്നു യുവാവ്. പുതുതായി തുടങ്ങുന്ന തുണിക്കട, മൊബൈൽ ഫോണ് കട എന്നിവയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കിഴക്കെത്തലയിലെ ഏതാനും യുവാക്കളിൽ നിന്നു ഒന്പതു ലക്ഷം രൂപയോളം കരീം കൈക്കലാക്കിയതായി പോലീസ് പറഞ്ഞു. രണ്ടാഴ്ചയായി ഇയാളെ കാണാനില്ലായിരുന്നു.
ഇതോടെ കബളിപ്പിക്കപ്പെട്ട യുവാക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. തൃശൂർ, കണ്ണൂർ ഭാഗങ്ങളിലും ഇയാൾ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.