നിലന്പൂർ: കൊറോണ ഭീതിയിൽ സ്കൂളുകളും സിനിമാശാലകളും ഉൾപ്പെടെ സംസ്ഥാന സർക്കാർ അടച്ചിടുന്പോഴും ഒരു നിയന്ത്രണവുമില്ലാതെ കക്കാടംപൊയിൽ ഭാഗത്തെ 20 റിസോർട്ടുകൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഇതരസംസ്ഥാനക്കാർ, വിദേശ മലയാളികൾ, ഉൾപ്പെടെ ഇവിടെ എത്തുകയാണ്. കക്കാടംപൊയിൽ, വാളംതോട്, നായാടംപൊയിൽ, തോട്ടപ്പള്ളി ഭാഗങ്ങളിലെ സ്വകാര്യ റിസോൾട്ടുകളിലേക്കു വ്യാപകമായി ആളുകൾ എത്തുന്നതാണ് ആശങ്ക വർധിക്കാൻ കാരണം.
ആരോഗ്യ വകുപ്പ് അധികൃതർക്ക് വിവരം നൽകിയിട്ടും നടപടിയില്ലെന്നു വാളംതോട് വാർഡ് മെംബർ അനീഷ് അഗസ്റ്റ്യൻ പറഞ്ഞു, പലതും ലൈസൻസു പോലുമില്ലാതെ പ്രവർത്തിക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു, കക്കാടംപൊയിൽ, വാളംതോട്, തോട്ടപ്പള്ളി, നായാടംപൊയിൽ ഭാഗങ്ങളിലെ മുഴുവൻ റിസോർട്ടുകളും 31 വരെ അടച്ചു പൂട്ടണമെന്നും മെംബര്‍ ആവശ്യപ്പെട്ടു.