നിലന്പൂർ: നിലന്പൂർ റെയിൽവേ സ്റ്റേഷനിൽ നിർമിക്കുന്ന അടിപ്പാതയുടെ പ്രാഥമിക സർവേ നടത്തി. കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡും റവന്യൂ വിഭാഗവും ചേർന്നാണ് നിലന്പൂർ റെയിൽവേ സ്റ്റേഷനു സമീപം പ്രാഥമിക സർവേ നടത്തിയത്.
രണ്ടു വകുപ്പുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് സർവേ നടത്തിയത്. സർവേ റിപ്പോർട്ട് റവന്യൂ വിഭാഗം രണ്ടു ദിവസത്തിനുള്ളിൽ ജില്ലാ കളക്ടർക്ക് കൈമാറുമെന്നു ഭൂരേഖാ തഹസിൽദാർ സി.വി. മുരളീധരൻ പറഞ്ഞു. അടിപ്പാത നിർമിക്കുന്പോൾ റെയിൽവേയുടെ സ്ഥലം മാത്രം മതിയാകുമോ എന്നാണ് പ്രധാനമായും പരിശോധിച്ച്ത്. പരിശോധനയിൽ അഞ്ചു സെന്റ് ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് കണ്ടെത്തി.
റെയിൽവേയോട് ചേർന്ന് രണ്ടു വ്യക്തികളുടെ കൈവശമുള്ള സ്ഥലമാണ് വേണ്ടിവരിക. കണ്ടെത്തിയ സ്ഥലത്ത് പുറന്പോക്കുണ്ടോയെന്നും പരിശോധിക്കും. റെയിൽവേയ്ക്ക് ആശ്യമായ സ്ഥലം കണ്ടെത്തി നൽകുകയെന്നതാണ് റവന്യൂ വകുപ്പിന്റെ പ്രധാന ചുമതല.
കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ഡിജിഎം ടി.കെ. സലീം, റെയിൽവേ സീനിയർ സൂപ്രണ്ട് അയ്യപ്പൻ, നിലന്പൂർ ഭൂരേഖാ തഹസിൽദാർ സി.വി. മുരളീധരൻ, സർവേയർ അബ്ദുൾ റസാഖ്, സ്പെഷൽ വില്ലേജ് ഓഫീസർമാരായ ജാഫർ സാദത്ത്, സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
അടിപ്പാതയ്ക്ക് വേണ്ടിവരുന്ന സ്ഥലം ഏറ്റെടുക്കാനുള്ള തുക, സർവേ എന്നിവ സംസ്ഥാനസർക്കാർ ചെയ്തുകൊടുക്കണം. 37.5 കോടി രൂപയാണ് അടിപ്പാതയ്ക്കായി നീക്കിവച്ചിട്ടുള്ളത്.