അങ്ങാടിപ്പുറം: വനിതാ ദിനത്തിൽ വനിതകൾക്കായി കുട്ടികളുടെ വക മത്സരം നടത്തി. ജവഹർ ബാലജനവേദി അങ്ങാടിപ്പുറം ബ്ലോക്ക് കമ്മിറ്റിയാണ് മത്സരം നടത്തിയത്. കുട്ടികൾ തയാറാക്കി കൊണ്ടു വന്ന പായസത്തിലെ ചേരുവകൾ ഏതെല്ലാം എന്നതായിരുന്നു മത്സര വിഷയം. ചേരുവകളിൽ നാലെണ്ണം പറയണം. മൂന്നെണ്ണമെങ്കിലും പറഞ്ഞാൽ സമ്മാനം ഉറപ്പ്.
ഉരുളക്കിഴങ്ങും ചൊവ്വരിയും കൊണ്ട് രുചിയോടെ തയാറാക്കിയ പായസത്തിലെ ചേരുവകൾ കണ്ടുപിടിക്കാൻ സദസിലെത്തിയ വനിതകൾക്കു കഴിഞ്ഞില്ല. ഒടുവിൽ പായസം ഒരുക്കിയവർ തന്നെ ചേരുവകൾ വിവരിച്ചു. രുചിയൂറും പായസം തയാറാക്കിയ കുട്ടികളെ എല്ലാവരും പ്രശംസിച്ചു.
പരിപാടിക്കെത്തിയ എല്ലാവർക്കും പായസം നൽകി. ബാലജനവേദി ബ്ലോക്ക് ചെയർപേഴ്സണ് സിബി ചെറിയോത്ത് അധ്യക്ഷത വഹിച്ചു. പി. ഷഹർബാൻ, ഫെബില ബേബി, പി.രാധാകൃഷ്ണൻ, കെ.എസ്. അനീഷ്, നാസിഫ്, സൂരജ്. എ.എസ്. ജഗനാഥ്, സുഷിന എന്നിവർ പ്രസംഗിച്ചു.