മലപ്പുറം: കോഡൂർ പഞ്ചായത്തിലെ ഒറ്റത്തറ പതിനാലാം വാർഡ് പ്ലാസ്റ്റിക് വിമുക്ത വാർഡാക്കുന്നതിനായുള്ള ’ഹരിതഗ്രാമം’ പദ്ധതിക്ക് തുടക്കമായി. വാർഡുതല ആരോഗ്യ ശുചിത്വ സമിതിയും കുടുംബശ്രീയും വ്യാപാരികളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതഗ്രാമം പദ്ധതിയിൽ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി തുണി സഞ്ചികൾ വിതരണം ചെയ്തു. കുടുംബശ്രീ അയൽകൂട്ട അംഗങ്ങളാണ് തുണി സഞ്ചി വീടുകളിലെത്തിച്ചത്.
ഹരിതഗ്രാമം പദ്ധതിയിലെ തുണി സഞ്ചിയുമായി പ്രദേശത്തെ കടകളിലെത്തി സാധനം വാങ്ങുന്നവർക്ക് സമ്മാനകൂപ്പണുകൾ നൽകും. ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകും.
നൂറിലധികം സമ്മാന കൂപ്പണുകൾ കൈവശമുള്ളവരിൽ നിന്നു തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ബംബർ സമ്മാനങ്ങളും ലഭിക്കും. ഹരിതഗ്രാമം പദ്ധതി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി ചെയർപേഴ്സണ് സജ്നാമോൾ ആമിയൻ അധ്യക്ഷത വഹിച്ചു. വിതരണത്തിനുള്ള സമ്മാനകൂപ്പണുകൾ ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. മുഹ്സിൻ വ്യാപാരികൾക്ക് കൈമാറി.
വാർഡംഗം മച്ചിങ്ങൽ മുഹമ്മദ്, കൃഷി ഓഫീസർ മുസ്ഫിറ മുഹമ്മദ്, മുൻപഞ്ചായത്തംഗം സമീമത്തുന്നിസ പാട്ടുപാറ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സി. ഹബീബ് റഹിമാൻ, ജെപിഎച്ച്എൻ നന്ദിനി, കുടുംബശ്രീ എഡിഎസ്. പ്രസിഡന്റ് സുശീല അധികാരത്ത്, ആശാ വോളണ്ടിയർമാരായ സുലൈഖ കണ്ണാട്ടി, ഗീത പുത്തിരിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.