കൊണ്ടോട്ടി:വിദേശ രാജ്യങ്ങളിൽ മരണപ്പെട്ട 13 പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നോർക്ക ചെലവിട്ടത് 18.68 ലക്ഷം. 2019-20 സാന്പത്തിക വർഷം 72 ലക്ഷമാണ് ഇതിനായി വകയിരുത്തിയത്. തൊട്ടു മുന്പുള്ള വർഷം രണ്ടു കോടി രൂപ വകയിരുത്തിയെങ്കിലും അപേക്ഷകളൊന്നും ലഭിച്ചിരുന്നില്ല.
നേപ്പാളിൽ വിഷപ്പുക ശ്വസിച്ച് മരിച്ച എട്ടു പേരുടെ മൃതദേഹങ്ങളും നോർക്കയാണ് എത്തിച്ചത്.6,16,000 രൂപയാണ് നോർക്ക വിമാന നിരക്കായി ഇതിനു നൽകിയത്. മൂന്നു പേർ സൗദി അറേബ്യയിൽ മരിച്ചവരും മറ്റു രണ്ടു പേർ ചൈന,ഫിലിപ്പൈൻസ് എന്നിവടങ്ങളിൽ മരിച്ചവരുമായിരുന്നു. കരിപ്പൂർ, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾക്ക് പുറമെ സമീപ സംസ്ഥാനങ്ങളിലെ മംഗലാപുരം, കോയന്പത്തൂർ വിമാനത്താവളങ്ങളിലും നോർക്ക ഏജൻസി ആംബുലൻസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ സാന്പത്തിക വർഷം ഇതുവരെ 26.15 ലക്ഷം രൂപയാണ് ചെലവിട്ടത്.കഴിഞ്ഞ 2018-19 വർഷം 15.91 ലക്ഷം രൂപ ചെലവിട്ടിരുന്നു.കഴിഞ്ഞ വർഷം മുതലാണ് ഇതലാണ് പദ്ധതി നിലവിൽ വന്നത്.
നോർക്ക വഴിയുള്ള സഹായത്തിനു അപേക്ഷകരില്ലാത്തതിനാൽ സഹായം ലഭിക്കുന്നവർ വിരളമാണ്. പ്രവാസികളുടെ ആശ്രിതർക്ക് മരണാനന്തര ധനസഹായകമായി ഒരു ലക്ഷം രൂപയും രേഗങ്ങളാൽ തിരികെ എത്തിയ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ചികിൽസാ സഹായത്തിനായി അരലക്ഷം രൂപയും നൽകുന്നുണ്ട്. പ്രാവസികളുടെ പെണ്മക്കളുടെ വിവഹത്തിന് 15,000 രൂപ പ്രവാസികൾക്കും ആശ്രിതർക്കും അംഗവൈകല്യ പരിഹാരത്തിനായി കൃത്രിമ കാൽ, ഉൗന്നുവടി, വീൽ ചെയർ തുടങ്ങിയവ വാങ്ങുന്നതിന് 10,000 രൂപയും ധനസഹായം നൽകുന്നുണ്ട്.അപേക്ഷകന്റെ വാർഷിക കുടുംബ വരുമാനം ഒരുലക്ഷം രൂപയിൽ അധികമാകാൻ പാടില്ലെന്നാണ് നിബന്ധന.
രണ്ട് വർഷം പ്രവാസിയായ ആളുകൾക്കാണ് ആനുകൂല്യം ലഭിക്കുക. വിദേശത്ത് ജോലി ചെയ്ത കലായളവിൽ അപേക്ഷ നൽകണം.സഹായം സ്വീകരിക്കുന്പോൾ ജോലിയുളളവർക്ക് ആനുകൂല്യത്തിന് അർഹതയില്ല.