തേഞ്ഞിപ്പലം: കൊറോണ ആശങ്കയെ തുടർന്നുള്ള കർശന നിയന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കട്ട് സർവകലാശാലയിലെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. ജീവനക്കാരിൽ ചിലർ അവധിയിൽ പോയി. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന വിദ്യാർഥികളുമായി അടുത്തിടപഴകുന്ന സർവകലാശാല ടാഗോർ നികേതനിലെയും ഹെൽത്ത് സെന്ററിലെയും ജീവനക്കാർക്ക് മാസ്ക്കുകൾ ലഭ്യമാക്കാന്‍ സർവകലാശാല നടപടി തുടങ്ങി. കൊറോണ സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതിനാൽ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം താത്കാലികമായി നിർത്തിവച്ചു. വിദ്യാർഥികൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം സർവകലാശാല കാന്പസിൽ നേരിട്ട് എത്തിയാൽ മതിയെന്നാണ് ഒൗദ്യോഗിക നിർദേശം.
നൂറുക്കണക്കിനു വിദ്യാർഥികളും രക്ഷിതാക്കളും ദിനം പ്രതിയെത്തുന്ന കാലിക്കട്ട് സർവകലാശാലയിലും സുരക്ഷാ മുൻകരുതൽ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സർവകലാശാല രജിസ്ട്രാർ ഡോ. സി.എൽ ജോഷിക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു.