നിലന്പൂർ: നാടുകാണി ചുരത്തിൽ രണ്ടു ലോറികൾ തീപിടിച്ച സാഹചര്യത്തിൽ അഗ്നിരക്ഷാ സേന നിലന്പൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുന്നു. നാടുകാണി ചുരത്തിന്റെ തുടക്കത്തിലായിരിക്കും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയെന്ന് നിലന്പൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ പറഞ്ഞു. ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷനുമായി സഹകരിച്ച് നാല് മുന്നറിയിപ്പ് ബോർഡുകൾ കൂടി ലോറി ഉടമകൾ സ്ഥാപിക്കും.
അപകടത്തിൽപ്പെടുന്ന വാഹനങ്ങൾക്കു അഗ്നിരക്ഷാ സേനയും പോലീസുമായി ഉടൻ ബന്ധപ്പെടാൻ രണ്ടു ഓഫീസുകളുടെയും നന്പറുകൾ ബോർഡിൽ രേഖപ്പെടുത്തും. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പടങ്ങളും മുന്നറിയിപ്പ് ബോർഡിൽ ഉണ്ടാകും.
രണ്ടു ലോറികൾക്ക് തീപിടിച്ചതിൽ ഒന്നു പൂർണമായി കത്തി നശിച്ചു. രണ്ടാമത്തെ ലോറിയിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്ഷർ യഥാസമയം ഉപയോഗപ്പെടുത്തിയതിനാൽ തീ നിയന്ത്രിക്കാൻ കഴിഞ്ഞു. ചുരം ഇറങ്ങി അമിതഭാരവുമായി വരുന്ന ലോറികൾ ചൂടു മൂലം ബ്രേക്ക് ചെയ്യുന്പോൾ തീ പിടിക്കാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് ബോധവത്കരണ ക്ലാസും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് അപകടം തടയാൻ അഗ്നിരക്ഷാ സേന മുന്നിട്ടിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.