ചങ്ങരംകുളം: സാന്പത്തിക പരിഷ്കാരങ്ങളും പ്രതിസന്ധിയും മൂലം ദുരിതത്തിലായ വ്യാപാര മേഖലയെ കൂടുതൽ ആശങ്കയിലാക്കുകയാണ് കൊറോണയും പക്ഷിപ്പനിയും. പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയാതെ ഹോട്ടൽ അടക്കമുള്ള പല വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടൽ ഭീഷണിയിലാണ്.
പലരും തൊഴിലാളികളെ പിരിച്ചുവിട്ടു തുടങ്ങി. പക്ഷിപ്പനി മൂലം പ്രതിസന്ധിയിലായ കോഴി കർഷകർക്ക് ഭീമമായ നഷ്ടമാണ് സംഭവിച്ചത്. കോഴി വാങ്ങാൻ ആളില്ലാതെ വന്നതോടെ പല സ്ഥലത്തും 20 രൂപകയ്്ക് വരെ കോഴി വിൽപ്പന നടത്തിയെന്നാണ് വിവരം. കോഴിയിറച്ചി പ്രധാന വിഭവമായി കച്ചവടം തുടങ്ങിയ പുതിയ പല റസ്റ്ററന്റുകളിലും ഷവർമ, ഷവായി തുടങ്ങിയ ചിക്കൻ വിഭവങ്ങളുടെ വിൽപ്പനയും ഗണ്യമായി കുറഞ്ഞതോടെ ഹോട്ടൽ, റസ്റ്ററന്റ് ഉടമകളും വലിയ നഷ്ടം നേരിടുകയാണ്. ചൈനയിൽ നിന്നെത്തുന്ന സാധനങ്ങൾക്കു നിയന്ത്രണം വന്നതോടെ ചൈനീസ് ഉത്പന്നങ്ങൾ മാത്രം വിൽപ്പന നടത്തുന്നവരും പ്രതിസന്ധിയിലാണ്.
സിനിമാശാലകൾ അടയ്ക്കുകയും ഉത്സവങ്ങൾ, പൊതുപരിപാടികൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുകയാണ്. ഓട്ടോ ടാക്സി തുടങ്ങിയ വാഹനങ്ങൾക്ക് ഓട്ടം കുറഞ്ഞതോടെ ഈ മേഖലയും പ്രതിസന്ധിയിലായിട്ടുണ്ട്.
കാർഷിക മേഖലയിലും വലിയ പ്രതിസന്ധി നേരിടുന്നതായി കർഷകർ പറയുന്നു. വിപണിയിൽ ഉത്പന്നങ്ങൾക്ക് മാന്യമായ വില ലഭിക്കാത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. ചൂട് കൂടിയതോടെ സീസണ് കച്ചവടം ലക്ഷ്യമിട്ട് പാതയോരങ്ങളിൽ കച്ചവടം തുടങ്ങിയ ശീതളപാനീയങ്ങളുടെയും പഴവർഗങ്ങളുടെയും വിൽപനക്കാർക്കും ഇത്തവണ പ്രതീക്ഷിച്ച വ്യാപാരമില്ല. ഉത്സവങ്ങള്‍ക്ക് നിയന്ത്രണം വന്നത് ഈ മേഖലയിൽ ഉജീവനം നടത്തുന്നവർക്കും തിരിച്ചടിയായിട്ടുണ്ട്.