പുൽപ്പള്ളി: കടുവയുടെ ആക്രമണത്തിൽ കറവപ്പശു ചത്തു. കുറിച്ചിപ്പറ്റ കദളിക്കാട്ടിൽ വർക്കിയുടെ നാലു വയസുള്ള പശുവാണ് ചത്തത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണ് സംഭവം. മേയാൻവിട്ട പശു വനാതിർത്തിയിലെ തോട്ടിൽ വെള്ളം കുടിക്കുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. അലർച്ചകേട്ട് വർക്കിയുടെ മകൻ സിനിഷ് ഓടിയെത്തി ഒച്ചവച്ചെങ്കിലും പശുവിനെ കടുവ 200 മീറ്ററോളം വലിച്ചിഴച്ചു. പിന്നീട് ജഡം ഉപേക്ഷിച്ചു കടുവ വനത്തിൽ മറയുകയായിരുന്നു.
വനപാലകർ സ്ഥലത്തു പരിശോധന നടത്തി. നിരീക്ഷണത്തിനു വനാതിർത്തിയിൽ കാമറ സ്ഥാപിച്ചു. രണ്ടു മാസത്തിനിടെ പ്രദേശത്തു മൂന്നു വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. കടുവയെ കൂടുവച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.