കൽപ്പറ്റ: ബാണാസുരസാഗർ ഇറിഗേഷൻ പ്രോജക്ട് എൽഎ ഓഫീസ് അടച്ചുപൂട്ടിയ നടപടി പ്രതിഷേധാർഹമാണെന്ന് എൻജിഒ സംഘ് ജില്ലാ സമിതി ആരോപിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും പാതിവഴിയിലും ഇതുവരെ ചെലവഴിച്ച കോടിക്കണക്കിന് രൂപയുടെ പ്രയോജനം നാടിന് ലഭ്യമാകാത്ത അവസ്ഥയുമാണ്. കാരപ്പുഴ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ പ്രവർത്തനവും ഈ ഓഫീസിന്റെ പരിധിയിലാണ്. ഓഫീസിൽ ജോലി ചെയ്തുവരുന്ന വനിതാജീവനക്കാർ ഉൾപ്പെടെയുള്ള 26 ജീവനക്കാരുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്. അവർക്ക് ജില്ലയിൽ തുടർ നിയമനം നൽകാൻ റവന്യൂവകുപ്പ് തയ്യാറാകുന്നില്ല.
ജില്ലയിൽ മറ്റ് ലാൻഡ് അക്വിസിഷൻ ഓഫീസ് ഇല്ലാത്തതിനാൽ ഒരു ജനറൽ ഓഫീസായി ജില്ലയിൽ തന്നെ നിലനിർത്തണം.
മുന്നൊരുക്കങ്ങളും ചർച്ചയും ഇല്ലാതെ ഏകപക്ഷീയമായി ഓഫീസ് അടച്ചുപൂട്ടിയ നടപടി പുനഃപരിശോധിക്കാൻ സർക്കാർ തയാറാകണമെന്നും ജില്ലാ സമതി സർക്കാറിനോട് ആവശ്യപ്പെട്ടു.