കൽപ്പറ്റ: വയനാട്ടിൽനിന്നുള്ള ആക്രി ലോഡുകൾ അതിർത്തി ചെക്പോസ്റ്റുകളിൽ അകാരണമായി തടഞ്ഞിടുന്നതായി സ്ക്രാപ് മർച്ചൻറ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കർണാടകയിലേക്കു ആക്രിസാധനങ്ങളുമായി പോകുന്ന ലോറികളാണ് മൂലഹള്ള, കുട്ട, ബാവലി വനം ചെക്പോസ്റ്റുകളിൽ തടയുന്നത്. 18 ശതമാനം ജിഎസ്ടി അടച്ചും നിയമങ്ങൾ പാലിച്ചും കൊണ്ടുപോകുന്ന ലോഡുകൾ തടയുന്നതു സ്ക്രാപ് കച്ചവടക്കാർക്കു വലിയ പ്രയാസത്തിനു കാരണമാകുകയാണ്.
ചാമരാജ്നഗർ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ലോഡുകൾ തടയുന്നതെന്നാണ് വനം അധികൃതർ പറയുന്നത്. ഒരാഴ്ചയ്ക്കിടെ 25ലധികം ലോഡുകളാണ് അതിർത്തികളിൽ പിടിച്ചിട്ടത്. പഴയ ഇരുന്പ്പ്ലാസ്റ്റിക് സാധനങ്ങളാണ് കർണാടകയിലെ വിവിധ ഫാക്ടറികളിലേക്കു കൊണ്ടുപോകുന്നത്. എന്നാൽ ലോറികളിൽ കടത്തുന്നതു മാലിന്യമാണെന്ന നിലപാടിലാണ് ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥർ. ആശുപത്രി മാലിന്യവുമായി എത്തിയ രണ്ടുലോറികൾ ദിവസങ്ങൾ മുൻപ് ഗുണ്ടൽപേട്ടയ്ക്കു സമീപം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ആക്രിലോഡുകൾ വനം ഉദ്യോഗസ്ഥർ തടയാൻ ആരംഭിച്ചതെന്നു അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
പ്രസിഡൻറ് എം.സി. ബാവ, സെക്രട്ടറി ആറ്റക്കോയ തങ്ങൾ, നാസർ തൊണ്ടിയിൽ, വി. പ്രജീഷ്കുമാർ, ഹനീഫ കൽപ്പറ്റ എന്നിവർ പങ്കെടുത്തു.