കൽപ്പറ്റ: വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിനു വൈദ്യുതി ബോർഡ് അടിയന്തര നടപടി സ്വീകരിക്കണമെന്നു കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സുരക്ഷയ്ക്കായി കോടിക്കണക്കിനു രൂപ ചെലവഴിച്ചിട്ടും അപകടങ്ങൾ തുടർക്കഥയാകുകയാണ്.
അശാസ്ത്രീയമായ ജോലിസന്പ്രദായം കാരണം അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്തതാണ് അപകടങ്ങൾ വർധിക്കുന്നതിനു പ്രധാന കാരണം. സൂപ്പർവൈസറി സ്റ്റാഫ് ഒഴിവുകൾ നികത്താത്തതുമൂലം ജോലിക്ക് മേൽനോട്ടം വഹിക്കാൻ ആളില്ലാതായി. പല ഓഫീസുകളിലും ജീവനക്കാർ കുറവാണ്. അതേസമയം ഭൂരിഭാഗം സെക്ഷനുകളിലും 20,000നു മുകളിൽ ഉപഭോക്താക്കളുണ്ട്. അപകടമുണ്ടായാൽ താഴത്തട്ടിലുള്ള ജീവനക്കാരിൽ ഉത്തരവാദിത്തം കെട്ടിവച്ച് മേലധികാരികൾ രക്ഷപ്പെടുകയാണ് പതിവ്.
ഉപഭോക്താക്കൾ കൂടുതലുള്ള ഓഫീസുകൾ വിഭജിച്ചും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചും വൈദ്യുതി അപകടങ്ങൾ കുറയ്ക്കാനാകുമെന്നു യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.