കൽപ്പറ്റ: ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയോടു ചേർന്നുള്ള പ്രദേശങ്ങളെ പാരിസ്ഥിതിക സംവേദക മേഖലകളായി വിജ്ഞാപനം ചെയ്യുന്നതിൽ കർഷകരിൽ ആശങ്ക ശക്തം. വിജ്ഞാപനത്തിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ കൃഷിക്കും നിർമാണങ്ങൾക്കും വാഹന-യന്ത്ര ഉപയോഗത്തിനും അടക്കം കർശന നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന ഭീതിയിലാണ് കർഷക സമൂഹം.
വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും പരിസ്ഥിതി സംവേദക മേഖല പ്രഖ്യാപിക്കുന്നതിനുള്ള കരടു നിർദേശങ്ങൾ ജനുവരി മൂന്നിനാണ് സംസ്ഥാന സർക്കാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചത്. ജനവാസ മേഖലകളിൽ ആകാശദൂരപരിധി ഒരു കിലോമീറ്ററും ജനവാസമില്ലാത്ത പ്രദേശങ്ങളിൽ ഒരു കിലോമീറ്ററിലധികവും വരുന്ന വിധത്തിലാണ് പരിസ്ഥിതി സംവേദക മേഖല നിർദേശിച്ചിരിക്കുന്നത്.
എംഎൽഎമാരായ ആർ. രാമചന്ദ്രൻ, ഇ.എസ്. ബിജിമോൾ, സി.കെ. ആശ, എൽദോ ഏബ്രഹാം എന്നിവരുടെ ചോദ്യങ്ങൾക്കു മാർച്ച് നാലിനു നൽകിയ മറുപടിയിൽ വനം മന്ത്രി കെ. രാജു ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും പരിസ്ഥിതി സൗഹൃദമല്ലാത്ത പ്രവർത്തനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിനാണ് പരിസ്ഥിതി സംവേദക മേഖലകൾ രൂപീകരിക്കുന്നതെന്നാണ് മന്ത്രിയുടെ മറുപടിയിൽ. പരിസ്ഥിതി സംവദേക മേഖല സംക്ഷിത പ്രദേശങ്ങൾക്കു സുരക്ഷാകവചമാകും.
പരിസ്ഥിതി മലിനീകരണം, പാരിസ്ഥിതിക ആഘാതം എന്നിവയിൽനിന്നു വന്യജീവികൾക്കു സംരക്ഷണം നൽകാൻ കഴിയും. വനനശീകരണം തടയാനും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനും ഉതകും. ശുദ്ധവായുവിന്റെയും ജലത്തിന്റെയും ലഭ്യത, പ്രകൃതിദുരന്തങ്ങളിൽനിന്നുള്ള മോചനം എന്നിവ പരിസ്ഥിതി സംവേദക മേഖല രൂപീകരിക്കുന്നതിന്റെ നേട്ടമാണെന്നും മറുപടിയിൽ പറയുന്നു.
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും പാരിസ്ഥിതിക സംവേദക മേഖല രൂപീകരിക്കുന്നതിനു കേന്ദ്ര സർക്കാർ 2016 ഓഗസ്റ്റിൽ കരടുവിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു.
സംസ്ഥാന സർക്കാർ 2013ൽ സമർപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. നിർദേശങ്ങൾ അംഗീകരിക്കുന്നതിനു മുന്നോടിയായി 2017 ഫെബ്രുവരിയിൽ ഡൽഹിയിൽ ചേർന്ന ചീഫ് വൈൽഡ് ലൈഫ് വാർഡൻമാരുടെ യോഗത്തിൽ ഭേദഗതികൾ സമർപ്പിച്ചു. എന്നാൽ സമയബന്ധിതമായി ഭേദഗതികളോടെ കരടു നിർദേശങ്ങൾ സമർപ്പിക്കാനായില്ല. ഈ സാഹചര്യത്തിൽ 2016ലെ കരടു വിജ്ഞാപനം കേന്ദ്ര സർക്കാർ റദ്ദാക്കി. ഇക്കഴിഞ്ഞ ജനുവരിയിലാണ് പിന്നീട് നിർദേങ്ങൾ സമർപ്പിച്ചത്.
ആനമുടി ചോല, കുമരകം, പെരിയാർ, സൈലന്റ് വാലി, ഇരവികുളം, മതികെട്ടാൻചോല, പാന്പാടും ചോല, വയനാട്, ചിന്നാർ, പറന്പിക്കുളം, നെയ്യാർ, പേപ്പാറ, ആറളം, മംഗളവനം, തട്ടേക്കാട്, മലബാർ എന്നിവ സംസ്ഥാനത്തു ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഗണത്തിൽപ്പെടുന്നതാണ്.
പരിസ്ഥിതി സംവേദക മേഖല നിർദേശങ്ങൾ കർഷകവിരുദ്ധമാണെന്നു ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന കണ്വീനർ എൻ.ജെ. ചാക്കോ പറഞ്ഞു. ദേശീയോദ്യാനങ്ങളോടും വന്യജീവി സങ്കേതങ്ങളോടും ചേർന്നുള്ള കൃഷിയിടങ്ങൾ പൂർണമായും സംവേദക മേഖലയിൽനിന്നു ഒഴിവാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.