കോഴിക്കോട്: കോടഞ്ചേരി അമ്മായിക്കാട് ഐഎച്ച്ഡിപി കോളനിക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി അടച്ചു പൂട്ടണമെന്ന് ബിജെപി കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റിഭാരവാഹികളും പ്രദേശവാസികളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ക്വാറി വേണ്ടെന്ന് ഗ്രാമസഭ പ്രമേയം പാസാക്കിയിട്ടും കോടഞ്ചേരി പഞ്ചായത്ത് അനുമതി നല്കി. ക്വാറിയിലെ സ്ഫോടനം മൂലം വീടുകള്‍ വിണ്ടുകീറി നിലം പൊത്താറായ അവസ്ഥയിലാണ്. ഇതുമൂലമുണ്ടാകുന്ന പൊടിയും ദുര്‍ഗന്ധവും കാരണം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും കുടിവെള്ള ക്ഷാമവും നേരിടുന്നെന്ന് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.കെ. പ്രേംരാജ് പറഞ്ഞു.
സ്കൂള്‍ സമയങ്ങളില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍ തടയാൻ പൊലീസിന്റെ ഭാഗത്തു നിന്ന് യാതൊരുനടപടിയും ഉണ്ടാകുന്നില്ല. പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നാല് മാസം ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. എന്നാൽ ഫെബ്രുവരി 28 മുതല്‍ ക്വാറി പുനഃരാരംഭിച്ചുവെന്നും നേതാക്കള്‍ ആരോപിച്ചു.
കോളനിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കി പരിസ്ഥിതി ലോല പ്രദേശമായ കോടഞ്ചേരിയിലെ ക്വാറി എന്നെന്നേക്കുമായി അടച്ചുപൂട്ടണമെന്നും നേതാക്കാള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ വിജയന് ചാമവിളയില്‍ , ശശി കുന്നുമ്മല്‍, സതീഷ് മേലെപ്പുറത്ത്, മിനിത ചീരാംകുഴിയില്‍ എന്നിവര്‍ പങ്കെടുത്തു.