മുക്കം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മലയോര മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി.
മുക്കം നഗരസഭയിലും കാരശേരി പഞ്ചായത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക യോഗം വിളിച്ചു ചേർത്തു. തൊട്ടടുത്ത പഞ്ചായത്തായ തിരുവമ്പാടിയിൽ നിരവധി പേർ നിരീക്ഷണത്തിലാണ്. ജില്ലയിൽ കഴിഞ്ഞ ദിവസം കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയ 61 പേർ ഉൾപ്പെടെ 141 പേർ നിരീക്ഷണത്തിലാണ്.
മുക്കം മുനിസിപ്പാലിറ്റിയിൽ മാത്രം 27 പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസിലെ എഡ്യൂക്കേഷൻ ആൻഡ് മാസ് മീഡിയ ഓഫീസർ മണി പറഞ്ഞു. നഗരസഭാ തലത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിനായി റാപ്പിഡ് റെസ്പോൺസ് ടീം രൂപവത്കരിക്കാൻ യോഗത്തിൽ തീരുമാനമായി.
നഗരസഭാ പരിധിക്കുള്ളിൽ നടക്കുന്ന വിവാഹം മറ്റ് ആഘോഷ പരിപാടികൾ എന്നിവ ലളിതമായി നടത്താൻ ജനങ്ങളെ പ്രേരിപ്പിക്കാനും പള്ളികൾ മറ്റ് ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവത്്കരണം നടത്താനും തീരുമാനമായി.
കാരശേരി പഞ്ചായത്തിലെ അതിലെ എല്ലാ വീടുകളിലും ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്യും. ആളുകൾ ഒന്നിച്ചു കൂടുന്ന വിവാഹം, മറ്റ് ആഘോഷപരിപാടികൾ, ഉത്സവം എന്നിവ മാറ്റി വയ്ക്കാൻ നിർദേശിക്കാനും പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വാർഡ് മെംബർ മാരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും മത സംഘടനാ നേതാക്കളുടെയും സന്നദ്ധ സംഘടനാ പ്രവർത്തകരുടെയും യോഗവും ഇന്ന് വിളിച്ചുചേർക്കും .