കൂരാച്ചുണ്ട്: ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് അമ്പലക്കുന്ന് ആദിവാസി കോളനിയിലെ കുടിവെള്ള പദ്ധതികൾ അവതാളത്തിൽ. കോളനിയിലെ 14 കുടുംബങ്ങൾക്കായി നിർമ്മിച്ചിരുന്ന കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം പാടെ നിലച്ചതോടെയാണ് ആദിവാസി കുടുംബങ്ങൾ വെള്ളത്തിനായി ബുദ്ധിമുട്ടിലായത്. കുടിവെള്ളത്തിനായി കിലോമീറ്ററോളം ദൂരെ വനത്തിലെ നീരുറവകളിൽ നിന്നും പൈപ്പ് ഉപയോഗിച്ചാണ് വെള്ളമെത്തിക്കുന്നത്. എന്നാൽ വെള്ളമെത്തിക്കുന്ന പൈപ്പുകൾ ആന ചവിട്ടി നശിപ്പിക്കുന്നതിനാൽ സുഗമമായി വെള്ളമെത്തിക്കാൻ കഴിയാതെ വരികയാണ്. കൂടാതെ
വേനൽ കനത്തതോടെ നീരുറവകളും വറ്റി. ലക്ഷങ്ങൾ ചെലവഴിച്ച് വനംവകുപ്പ് ഇവിടെ നിർമ്മിച്ച രണ്ട് കുടിവെള്ള പദ്ധതികളും വെള്ളമില്ലാതെ പാഴായതിനാൽ കഴിഞ്ഞ വേനലിൽ പഞ്ചായത്ത് അധികൃതർ വാഹനത്തിൽ വെള്ളമെത്തിക്കുകയായിരുന്നു. വേനൽ കനക്കുന്നതോടെ ഇത്തവണയും ജലക്ഷാമം നേരിടേണ്ടിവരുമെന്നാണ് ഇവരുടെ ആശങ്ക. പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നാണ് പരാതി.
കോളനിയുടെ സമഗ്രമായ വികസനത്തിനായി കളക്ടർ വിളിച്ച യോഗത്തിൽ വിഷയം അവതരിപ്പിക്കുകയും ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി ബന്ധപ്പെട്ട വകുപ്പിന് നൽകിയിട്ടുണ്ടെന്നും അത് ലഭിച്ചാൽ ശാശ്വതമായ പരിഹാരംകാണാൻ കഴിയുമെന്നും വാർഡ് മെംമ്പർ ആൻഡ്രൂസ് കട്ടിക്കാന പറഞ്ഞു.