കോഴിക്കോട് : മൂന്നുവര്‍ഷം മുമ്പ് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം പുറത്തെടുത്ത് വീണ്ടും പരിശോധിക്കും. 2017 സപ്റ്റംബറില് പറമ്പില്‍ ബസാര്‍ പോലൂര് പയിമ്പ്ര റോഡിനു സമീപത്തെ ചെറുവറ്റ സായിബാബ ആശ്രമത്തിനടത്തുള്ള കാടുമൂടിയ പ്രദേശത്ത് കണ്ടെത്തിയ പുരുഷന്റെ മൃതദേഹമാണ് പുറത്തെടുത്ത് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ നടത്തി മുഖം പുന:സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.
മൃതദേഹം പുറത്തെടുക്കാൻ ക്രൈംബ്രാഞ്ച് ആര്‍ഡിഒയുടെ അനുമതി തേടി. ഇന്നു തഹസില്‍ദാരുടെ സാന്നിധ്യത്തിലാണ് പരിശോധന. ലോക്കല്‍ പോലീസ് മൂന്നുമാസം അന്വേഷിച്ച് ഉത്തരം കിട്ടാതിരുന്ന കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പുരോഗതി ഉണ്ടായില്ല. തുടര്‍ന്ന് ഐജി ജയരാജിന്റെ നിര്‍ദേശപ്രകാരം കേസ് ഡിവൈഎസ്പി ബിനോയുടെ കീഴിലുള്ള യൂണിറ്റിന് കൈമാറുകയായിരുന്നു.
ജനുവരി 25 ന് സംഭവസ്ഥലത്ത് പുതിയ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.മുക്കം ഇരട്ടക്കൊലക്കേസുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഇരട്ടക്കൊലക്കേസിലെ പ്രതി ബിര്‍ജുവിന്റെ അമ്മയുടെ പേരിലുള്ള സ്ഥലത്തായിരുന്നു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇരട്ടക്കൊലയും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതുമെല്ലാം ഓരേ കാലഘട്ടത്തിലായതിനാല്‍ ബിര്‍ജുവിന് പങ്കുണ്ടോയെന്ന് അന്വേഷിക്കാനാണ് ഇരട്ടക്കൊലകേസ് അന്വേഷിച്ച സംഘത്തിന് കേസ് കൈമാറിയത്.
168 സെന്റീമിറ്റര്‍ പൊക്കവും എണ്‍പത് കിലോയിലധികം ഭാരവുമണ്ടായിരുന്ന മൃതദേഹം ആരുടേതാണെന്നോ ആരാണ് കൊലപ്പെടുത്തിയതെന്നോ കണ്ടെത്താന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. മരിച്ചയാളുടെ കൈവിരലിലെ രേഖകള്‍ ഉപയോഗിച്ച് ആധാര്‍ വഴി തിരിച്ചറിയാനാവുമെന്ന് കേസന്വേഷിച്ച ചേവായൂര്‍ പോലീസ് കരുതി. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ നല്കാന് ആധാര്‍ ഡാറ്റാബാങ്ക് തയാറായില്ല.
തുടര്‍ന്നാണ് കേസ് 2018 ജനുവരിയില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആധാര്‍ വിവരങ്ങള്‍ ലഭിക്കാനുള്ള മറ്റു മാര്‍ഗങ്ങള്‍ ക്രൈംബ്രാഞ്ചും തേടിയെങ്കിലും ഫലമുണ്ടായില്ല. മൂന്നു വര്‍ഷമായിട്ടും ലോക്കല്‍ പോലീസ് -ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മൃതദേഹം മലയാളിയുടേത് തന്നെയാണോയെന്നു പോലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇതരസംസ്ഥാനത്തൊഴിലാളികളുടെ രൂപസാദൃശ്യത്തിലേയ്ക്കെത്തുന്ന തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ മലയാളിയാണെന്ന സംശയത്തിലാണ് പോലീസ് നില്‍ക്കുന്നത്.
കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. സൂപ്പര്‍ ഇംപോസിംഗ് സംവിധാനത്തിലൂടെയാണ് കൂടുതല്‍ വ്യക്തതയുള്ള രേഖാ ചിത്രം തയാറാക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.