കോഴിക്കോട്: നവീകരണം നടക്കുന്ന മാനാഞ്ചിറ സ്ക്വയറിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. നഗരസഭയ്ക്കു വേണ്ടി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ പണിത പുത്തൻ ടോയ് ലറ്റ് സമുച്ചയത്തിന്റെ ജനൽ ചില്ലുകളും വാതിലും ഇന്ന ലെ പുലർച്ചെ അടിച്ച് തകർത്തു.
കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. ചെത്ത് കല്ലിൽ പണിത കെട്ടിടത്തിൽ അലൂമിനിയം വാതിലിൽ സ്ഥാപിച്ച ചില്ലുകളാണ് തകർത്തത്. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തൊട്ടടുത്ത് സിസിടിവി കാമറ പ്രവർത്തിച്ചിരുന്നില്ല. ഏറ്റവുമടുത്തുള്ള ഓപൺ സ്റ്റേജിന് സമീപത്തെയും റോഡിലെയും കാമറകൾ പോലീസ് പരിശോധിക്കും. രണ്ട് മാസം മുമ്പ് തൊട്ടടുത്ത് ഓപ്പൺ സ്റ്റേജിന് സമീപം ലൈറ്റുകളുടെ പാനലുകളും മറ്റും സ്ഥാപിച്ച കെട്ടിടത്തിന്റെ വാതിൽ തകർത്ത് കേബിളുകൾ മോഷ്ടിച്ചിരുന്നു. അന്ന് മുറിയിൽ നിന്ന് നഷട്പ്പെട്ട മൂന്ന് ഡ്രില്ലിംഗ് യന്ത്രങ്ങൾ മൈതാനത്തിന്റെ മറ്റൊരു ഭാഗത്ത് നിന്ന് കിട്ടിയിരുന്നു. മാനാഞ്ചിറ സ്ക്വയറിലെ പഴയ ടാഗോർ പാർക്കിൽ വിനോദ സഞ്ചാര വകുപ്പിന് കീഴിൽ നവീകരണം അവസാന ഘട്ടത്തിലെത്തിയിരിക്കയാണ്. അടുത്ത മാസം നവീകരണം പൂർത്തിയാക്കി തുറക്കാനിരിക്കെയാണ് ആക്രമണം.